Crude oil
കരുതല്‍ ശേഖരത്തിലെ ക്രൂഡ് ഓയില്‍ വിപണയില്‍ ലഭ്യമാക്കാന്‍ ഇന്ത്യയും; എണ്ണ വില കുറഞ്ഞേക്കും
രാജ്യാന്തര മാര്‍ക്കറ്റിലെ വില കുറക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കക്കും ജപ്പാനുമൊപ്പമാണ് ഇന്ത്യയും ഇത്രയും ക്രൂഡോയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി |രാജ്യത്ത് അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാവുന്ന ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരത്തില്‍ നിന്നും അഞ്ച് മില്ല്യണ്‍ ബാരല്‍ ഉപയോഗത്തിനായി അനുവദിക്കാന്‍ തീരുമാനം. രാജ്യാന്തര മാര്‍ക്കറ്റിലെ വില കുറക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കക്കും ജപ്പാനുമൊപ്പമാണ് ഇന്ത്യയും ഇത്രയും ക്രൂഡോയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായാണ് എമര്‍ജന്‍സി സ്‌റ്റോക്കില്‍ നിന്നും ഉപയോഗത്തിലനായി എണ്ണ അനുവദിക്കുന്നത്. ആകെ 38 മില്ല്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ രാജ്യത്ത് എമര്‍ജന്‍സി സ്‌റ്റോക്ക് ആയി നീക്കിയിരിപ്പുണ്ട്. കിഴക്ക് പടിഞ്ഞാറ് തീരങ്ങളിലായി മൂന്ന് ഇടത്ത് ഭൂഗര്‍ഭ അറകളിലാണ് ക്രൂഡ് ഓയില്‍ സൂക്ഷിക്കുന്നത്.
പത്ത് ദിവസത്തിനുള്ളില്‍ ഇതിനായുള്ള നടപടികള്‍ ഉണ്ടാവും. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോക്കെമിക്കല്‍സ് ലിമിറ്റഡ് എന്നീ റിഫൈനറികളിലേക്ക് ആയിരിക്കും ക്രൂഡ് ഓയില്‍ ലഭ്യമാക്കുക. ക്രൂഡ് ഓയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൂഗര്‍ഭ അറകളുമായി ഈ റിഫൈനറികള്‍ ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ് ഇവര്‍ക്ക് തന്നെ ശുദ്ധീകരണത്തിനായി ലഭ്യമാക്കുന്നത്.
രാജ്യന്താര ക്രൂഡ് ഓയല്‍ വിപണിയില്‍ വില കുറക്കുന്നതിനായി അമേരിക്കയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യങ്ങളായ ഇന്ത്യയോടും ചൈനയോടും ജപ്പാനോടും കരുതല്‍ ശേഖരത്തില്‍ നിന്നും എണ്ണ പൊതു ഉപയോഗത്തിനായി ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടത്.