Connect with us

Articles

സ്വയം ചരിത്ര പുസ്തകമായി മാറിയ എഴുത്തുകാരൻ

ലോക സാഹിത്യത്തിന്റെ ജനാല മലയാളത്തിനായി തുറന്നു കൊടുത്തത് ആ മഹാ പത്രാധിപരാണ്. മാർകേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങൾ ഒരു പക്ഷെ ആദ്യം രുചിച്ച മലയാളി എം ടി ആയിരിക്കണം.

Published

|

Last Updated

നവതിയുടെ നറുനിലാവ് താണ്ടിയാണ് അറിയാത്ത അത്ഭുതങ്ങളെ അക്ഷരങ്ങളിലൊളിപ്പിച്ച സർഗ സൂര്യൻ വിടവാങ്ങുന്നത്. എം ടി എന്ന രണ്ടക്ഷരം എക്കാലവും നമ്മുടെ സാഹിത്യാനുഭവങ്ങളുടെ ശബ്ദതാരാവലിയാണ്. ബാല്യ കൗമാരങ്ങളെയും യൗവനതൃഷ്ണകളെയും ജ്വലിപ്പിച്ച എഴുത്തിന്റെ പെരുന്തച്ചൻ. ഈ ചെറിയ ഭാഷക്ക് വിശ്വ മേൽവിലാസം സമ്മാനിച്ച മഹാശയൻ. ഭാഷയിൽ ഇതുപോലൊരു വലിയ പത്രാധിപർ ഇനിയുണ്ടാകില്ല. ഒരു പുഴയുടെ കരയിൽ പിറന്ന് ലോക സാഹിത്യത്തിന്റെ മഹാസാഗരത്തിലേക്ക് മലയാളത്തിന്റെ തോണി തുഴഞ്ഞ നാവികൻ. ജലം അതിരിക്കുന്ന പാത്രത്തിന്റെ രൂപം സ്വീകരിക്കുന്നതുപോലെ എം ടി ഓരോ മനസ്സിലും പല മഴവില്ലുകളായി പ്രതിഫലിച്ചു. എഴുത്തുകാരൻ, നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകാരൻ, സംവിധായകൻ , പ്രഭാഷകൻ……. മഹാഭാരതമെഴുതിയ വ്യാസന്റെ മൗനത്തെ രണ്ടാമൂഴത്തിലൂടെ വാചാലമാക്കിയ ഈ സർഗ സാർവഭൗമനെ വിശേഷിപ്പിക്കാൻ ഈ എളിയ ഭാഷയിലെ വാക്കുകൾക്ക് എല്ലുറപ്പ് പോര.

1933 ജൂലൈ 15 ന് പുന്നയൂർക്കുളം നാരായണൻ നായരുടെയും മാടത്ത് തെക്കേപ്പാട്ട് അമ്മാളുവമ്മയുടെയും നാലാമത്തെ പുത്രനായി പിറന്ന വാസുദേവന്റെ വളർച്ചക്ക് നീരു വറ്റിയ നിളയാണ് സാക്ഷി. കേവലം പത്താം ക്ലാസിൽ പഠിക്കുമ്പോൾ കേരള ക്ഷേമം മാസികയിൽ അച്ചടിച്ചു വന്ന ലേഖനത്തിലൂടെയാണ് ഈ കൂടല്ലൂരുകാരന്റെ കുതിപ്പ് തുടങ്ങുന്നത്. 1948 ൽ ചിത്രകേരളത്തിൽ ആദ്യ കഥ ” വിഷുവാഘോഷം’ മഷിപുരണ്ടു. ആ വിഷുക്കണിയാണ് തലമുറകളെ പ്രലോഭിപ്പിച്ച് ഇന്നും നിറ വെളിച്ചം പകരുന്നത്. 1954 ൽ ന്യൂയോർക്ക് ഹെറാൾഡ് നടത്തിയ ലോക കഥാ മത്സരത്തിൽ സമ്മാനം കിട്ടിയതോടെ എം ടി ക്ക് എഴുത്തിൽ മേൽ വിലാസമായി. തുടർന്ന് പത്രപ്രവർത്തന രംഗത്തേക്ക്. പിന്നീടുണ്ടായത് മലയാള സാഹിത്യത്തെ ജ്ഞാനപീഠത്തോളം വളർത്തിയ സർഗ സപര്യയുടെ പതിറ്റാണ്ടുകൾ.

ഫ്യൂഡലിസത്തിന്റെ നാലുകെട്ടുകൾ തകർന്നടിഞ്ഞു കൊണ്ടിരുന്ന കാലത്താണ് പുതിയ മനുഷ്യ ജനാധിപത്യത്തിന്റെ വെളിച്ചക്കീറുമായി എം ടിയുടെ കഥകളും നോവലുകളും വരുന്നത്. ജീർണ വ്യവസ്ഥകളുടെ മുൾപ്പടർപ്പിൽ നിന്ന് , ശൈഥില്യ ബന്ധങ്ങളുടെ കുടുംബച്ചങ്ങലകളിൽ നിന്ന് വിട്ടു മാറി പുതിയ ഒരു ലോകം പുനഃസ്ഥാപിക്കാനുള്ള ആഹ്വാനമായി ആ എഴുത്തുകൾ. നിന്ദിതരും പീഡിതരുമായിരുന്നു നായകർ. നിരാശകളുടെ മഞ്ഞുപുതച്ചവരായിരുന്നു നായികമാർ. രോഷവും പ്രതിഷേധവും പകയും സിരകളിലോടുന്ന ആ കഥാപാത്രങ്ങൾക്കെല്ലാം താൻപോരിമ ഉണ്ടായിരുന്നു. സേതുവും അപ്പുണ്ണിയും വിമലയും സുമിത്രയും ഗോവിന്ദൻകുട്ടിയും ഭീമസേനനുമെല്ലാം മലയാളിക്ക് പുതിയ മഴവില്ലഴകായി. അവർക്കൊപ്പം ചിരിച്ചും കരഞ്ഞു സ്വപ്നങ്ങൾ കണ്ടും മലയാളം നിർമിച്ചെടുത്തത് പുതുഭാവുകത്വമാണ്.

ലോക സാഹിത്യത്തിന്റെ ജനാല മലയാളത്തിനായി തുറന്നു കൊടുത്തത് ആ മഹാ പത്രാധിപരാണ്. മാർകേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങൾ ഒരു പക്ഷെ ആദ്യം രുചിച്ച മലയാളി എം ടി ആയിരിക്കണം. സമകാലീന സാഹിത്യത്തിൽ ലോകത്തെ ഏതു ഭാഷയിലും സംഭവിക്കുന്ന ചലനങ്ങൾ ഈ സാഹിത്യകാരന്റെ സ്പർശിനികൾ ഒപ്പിയെടുത്തു. അതിന്റെ പുതുക്കും മിനുക്കവുമുള്ള എഴുത്തുകൾ തന്റെ ഭാഷക്ക് സംഭാവന ചെയ്തു. അതുകൊണ്ടു തന്നെ അടിവരയിട്ടു പറയാം. എം ടിയാണ് മലയാളത്തിന്റെ ” ന്യൂ ജെൻ ‘ എഴുത്തുകാരൻ.

അഭ്രലോകത്തും ആ കൈയടയാളം ആർക്കും ഭേദിക്കാവുന്നതല്ല. 1965 ൽ “മുറപ്പെണ്ണി’ ന് തിരക്കഥയെഴുതിയാണ് പ്രവേശം. അറുപതിലധികം ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. ആറ് ചിത്രങ്ങൾ സംവിധാനം ചെയ്തു. 1975 ൽ ദേശീയ പുരസ്കാരം നേടിയ എം ടിയുടെ “നിർമാല്യം’ വർത്തമാന സമസ്യകളോട് കലഹിക്കുന്ന ധീരമായ ഇടപെടലാണ്.

ആർക്കും വേണ്ടാതിരുന്ന ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ആരുഢം സംരക്ഷിക്കാൻ എം ടി നടത്തിയ ഇടപെടലിനെ പോരാട്ടമെന്നാണ് വിശേഷിപ്പിക്കേണ്ടത്. ഇന്ന് ഭാഷയുടെ ഈടുവെപ്പായി തിളങ്ങുന്ന തുഞ്ചൻ പറമ്പിലെ സ്മാരകത്തിന്റെ അധ്യക്ഷ പദവിയിൽ മൂന്ന് പതിറ്റാണ്ട് അദ്ദേഹം നിറഞ്ഞുനിന്നു. കേരള സാഹിത്യ അക്കാദമിക്കും എംടിയുടെ സംഭാവനകളുണ്ട്. എല്ലാത്തിലും ഉപരി ഒരു പത്രാധിപർ എന്ന നിലയിൽ പുതുതലമുറയിലെ കരുത്തുറ്റ മുളകൾക്ക് വേരും വളവും വെള്ളവുമേകിയതാണ് മറ്റൊരു കനപ്പെട്ട സംഭാവന.

സ്വയം ചരിത്ര പുസ്തകമായി മാറിയ എഴുത്തുകാരൻ. മറിച്ചു നോക്കും തോറും തീർച്ച, ആ ആഴപ്പരപ്പ് നമ്മെ അതിശയിപ്പിക്കും.
.

Latest