Kerala
ബേപ്പൂരിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജിന് പിന്നാലെ കടലുണ്ടിയിൽ ഫ്ലോട്ടിംഗ് റെസ്റ്റോറന്റിന് ഭരണാനുമതി
കടലുണ്ടി കോട്ടക്കടവ് പാലത്തിനു സമീപത്തായി 82 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് നിർമിക്കുക
കോഴിക്കോട് | കടലുണ്ടി കോട്ടക്കടവ് പാലത്തിനുസമീപം ഫ്ലോട്ടിംഗ് റസ്റ്റോറൻറ് സ്ഥാപിക്കുന്നതിന് മൂന്നുകോടി 94 ലക്ഷത്തി 61 185 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ . മുഹമ്മദ് റിയാസ് അറിയിച്ചു. ബേപ്പൂർ മണ്ഡലത്തിൽപെട്ട കടലുണ്ടി കോട്ടക്കടവ് പാലത്തിനു സമീപത്തായി 82 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് നിർമിക്കുക. ഫ്ലോട്ടിങ്ങ് റസ്റ്റോറന്റിൽ മിനി, കിച്ചൻ , ടോയ്ലറ്റ്,എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട് .
ഐ ഐ ടി മദ്രാസ് സാങ്കേതിക പരിശോധന നടത്തി സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തിയ രൂപരേഖ പരിഗണിച്ചാണ് ഭരണാനുമതി നൽകിയത്. ജൂണിൽ നിർമ്മാണം ആരംഭിച്ച് ഒൻപതു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി തുറന്നു നൽകാമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്ര യാനങ്ങളുടെയും ഫ്ലോട്ടിങ് ഘടനകളുടെയും നിർമാണത്തിൽ അതികായരായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപേറേഷനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ ടൂറിസം വികസനത്തിൽ വലിയ കുതിപ്പിന് ഇത് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
ബേപ്പൂരിൽ നേരത്തെ ഒരുക്കിയ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ശ്രദ്ധേയമായിരുന്നു. ദിനംപ്രതി നിരവധി പേരാണ് തിരമാലകൾക്ക് മുകളിൽ ഒഴുകിപ്പരക്കുന്ന ഈ ബ്രിഡ്ജിൽ കയറാൻ എത്തുന്നത്.