Kerala
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ 26 രാജ്യങ്ങളുടെ പ്രതിനിധികളും സംരംഭകരുമുള്‍പ്പെടെ 3000 പേര്‍ പങ്കെടുക്കും.

കൊച്ചി | ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. ബോള്‍ഗാട്ടിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ 26 രാജ്യങ്ങളുടെ പ്രതിനിധികളും സംരംഭകരുമുള്‍പ്പെടെ 3000 പേര്‍ പങ്കെടുക്കും.കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, സഹമന്ത്രി ജയന്ത് ചൗധരി എന്നിവര്‍ക്കു പുറമേ, ഓണ്‍ലൈനായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും പ്രഭാഷണം നടത്തും.
കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.ബിസിനസ് സാധ്യതകള്‍, സ്റ്റാര്‍ട്ട് അപ്-ഇനോവേഷന്‍ പ്രോത്സാഹനം, ഓട്ടോമോട്ടീവ് ടെക്‌നോളജി-ഇനോവേഷന്‍ ഭാവി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളുണ്ടാകും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചര്‍ച്ചയുടെ ഭാഗമാകും.ഷാര്‍ജ, അബുദാബി, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ് ഉള്‍പ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും ഉച്ചകോടിക്കെത്തും.