Kerala
കരിപ്പൂരില്‍ നിന്നുള്ള അധിക ഹജ്ജ് യാത്രാ നിരക്കിനെതിരെ സുപ്രീം കോടതിയില്‍ ഹരജി
രാജ്യസഭാ അംഗവും, അഭിഭാഷകനും ആയ ഹാരിസ് ബീരാന്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

ന്യൂ ഡല്‍ഹി | കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അധിക യാത്രാ ചിലവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹjജി. സാമ്പത്തികമായി പിന്നാക്ക അവസ്ഥയില്‍ ഉള്ള മലബാറില്‍ നിന്നുള്ള മുസ്ലിങ്ങള്‍ക്ക് മതപരമായ കടമ നിര്‍വ്വഹിക്കാന്‍ അവസരം ഒരുക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഉയര്‍ന്ന വിമാന നിരക്ക് ഹജ്ജിന് പോകുന്നവരില്‍ നിന്ന് ഈടാക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
2025 ന് ഹജ്ജിന് പോകാന്‍ സാമ്പത്തികമായി പിന്നാക്ക വിഭാഗത്തില്‍ നിന്ന് തിരെഞ്ഞെടുക്കപ്പെട്ട ആറുപേരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ആറ് പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്.
കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ കേരളത്തിലെ മറ്റ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും പോകുന്ന തീര്‍ത്ഥാടകരെക്കാള്‍ നാല്‍പതിനായിരം രൂപ കൂടുതല്‍ കൊടുക്കേണ്ടി വരുന്നു എന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ ജിദ്ദയിലേക്ക് ഈ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നും ഏറെക്കുറെ ഒരേ ദൂരം ആണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് നിന്ന് ഹജ്ജിന് പോകുന്നവരില്‍ നിന്ന് ഏകപക്ഷീയവും, വിവേചനപരവും ആയി വിമാന യാത്ര നിരക്ക് ഈടാക്കുന്നത് ഭരണഘടനയുടെ 14 ആം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ഇത് ഭരണഘടനയുടെ 25 ആം അനുച്ഛേദം ഉറപ്പ് നല്‍കുന്ന മത സ്വാത്രന്ത്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ആണെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. രാജ്യസഭാ അംഗവും, അഭിഭാഷകനും ആയ ഹാരിസ് ബീരാന്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവര്‍ക്ക് ഉയര്‍ന്ന വിമാന നിരക്ക് നല്‍കേണ്ടി വരുന്നു എന്ന ആരോപണം നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രാലയം ശരിവച്ചിരുന്നു. വിമാനത്താവളത്തിന്റെ ഭൂമിശാസ്ത്രപരമായ പരിമിതികള്‍, കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കുറയുന്നത് എന്നിവ കാരണം ആണ് യാത്ര നിരക്ക് വര്‍ദ്ധിക്കുന്നത് എന്ന് കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പ് സെക്രട്ടറിഅറിയിച്ചിരുന്നു. കണ്ണൂര്‍ കൊച്ചി എന്നീ വിമാനത്താവളങ്ങള്‍ വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടി വരുന്നതിനേക്കാള്‍ കൂടുതല്‍ വിമാന യാത്ര നിരക്ക് കോഴിക്കോട് വഴി പോകുന്നവര്‍ക്ക് നല്‍കേണ്ടി വരുന്നു എന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ അംഗം ഹാരിസ് ബീരാന്‍ നല്‍കിയ കത്തിന് നല്‍കിയ മറുപടിയില്‍ ആണ് കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. കേന്ദ്രം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹാരിസ് ബീരാന്‍ എം പി മുഖേനെ ഹാജിമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.