Cover Story
ആനച്ചന്തം
കാലാവസ്ഥയിലെ ചെറിയ വ്യതിയാനങ്ങൾ പ്രകൃതിയിലും ജന്തുജാലങ്ങളിലും ആവാസവ്യവസ്ഥയിലും ചെറു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വേനലിലെ വെയിലിനോടൊപ്പം ധിക്കാലയിലെ സാംബാർ റോഡിലും പുൽമേടിലും കൊമ്പന്മാരെ തേടിനടന്നു. രണ്ടുപേർ ക്യാമറക്കു മുന്നിൽ എത്തി. വാലുമുറിഞ്ഞു പോയ സുന്ദരനും കുറുമ്പുള്ള മറ്റൊരുത്തനും. രണ്ടും ഒത്ത ഉയര ത്തിൽ ഗൗരവത്തോടെയുള്ള കരിവീരന്മാർ. വളരെ അടുത്തുനിന്ന് കൺനിറയെ കണ്ടു, ചിത്രങ്ങളെടുത്തു...
ഈ വേനലിലും ഞാൻ ഉത്തരാ ഖണ്ഡിലെ എന്റെ പ്രിയപ്പെട്ട ഭൂമികയിലെത്തി… രാംഗംഗ നദിക്കരയിലെ പുൽമേടുകളിൽ സ്വതന്ത്രരായി വിഹരിക്കുന്ന ആനക്കൂട്ടങ്ങളെ കാണാൻ ധിക്കാലയിലേക്ക്… വേനലിന്റെ ആധിക്യത്തിൽ മഞ്ഞരാശി പടർന്നുകയറി തുടങ്ങിയിരിക്കുന്നു പുൽമേടുകളിലേക്ക്… ദൂരെ ദൂരെ നിരനിരയായ് ചെറിയ പൊട്ടുകൾ പോലെ ആനക്കൂട്ടങ്ങൾ… ഇനി കാത്തുനിൽപ്പാണ്… അവയുടെ എഴുന്നെള്ളത്ത് കാണാൻ കണ്ണ് നിറയെ. സ്വാതന്ത്ര്യത്തിന്റെ ശാന്തതയിലൂടെ അവർ സ്വച്ഛന്ദം വിഹരിക്കുന്നു… ഇതെന്റെ ആറാമത്തെ ജിംകോർബെറ്റ് യാത്രയാണ്. കൊവിഡിന്റെ അടച്ചുപൂട്ടലുകൾക്ക് ശേഷം ആദ്യത്തേതും.
ഉത്തരാഖണ്ഡിലെ ഹരിതസ്വർഗം
ഭാരതത്തിലെ ഏറ്റവും ഭംഗിയുള്ള സംരക്ഷിത വനങ്ങളിൽ ഒന്നാണ് ജിംകോർബെറ്റ് ദേശീയോദ്യാനം. വളരെ കരുതലോടെ സംരക്ഷിക്കപ്പെടുന്ന വനവിഭാഗം. കണ്ണെത്താ ദൂരത്തോളം പുൽമേടുകളും സാൽമരങ്ങൾ നിറഞ്ഞ ആനത്താരകളും ഇടതൂർന്ന വൃക്ഷക്കൂട്ടങ്ങളും ചേർന്നുകിടക്കുന്ന വനം. അഞ്ച് സോണുകളായി ഈ ദേശീയോദ്യാനത്തെ തിരിച്ചിട്ടുണ്ട്. ബിജ്‌റാണി, ജിർണ, ധെലാ, ധിക്കാല, ദുർഗ ദേവി എന്നിങ്ങനെയാണവ. പ്രൊജക്റ്റ് ടൈഗറിന്റെ കീഴിൽ വന്ന ആദ്യത്തെ ദേശീയോദ്യാനം കൂടിയാണിത്. ഹിമാലയത്തിന്റെ താഴ്്വാര വിശാലതകളിൽ വ്യാപിച്ചു കിടക്കുന്ന വനവിസ്മയങ്ങൾ… അതുകൊണ്ട് തന്നെ അതെ വിശുദ്ധിയോടെ കാത്തു സൂക്ഷിക്കപ്പെടുന്നുണ്ട്. കാട്ടിലേക്ക് ചെല്ലുന്ന യാത്രികരോട് വളരെ കർശനമായി പ്ലാസ്റ്റിക്കോ, പ്ലാസ്റ്റിക് ഉത്പന്നങ്ങളോ വലിച്ചെറിയരുതെന്നു ഓർമപ്പെടുത്തുന്നുണ്ട് അധികൃതർ… ധിക്കാലയിൽ താമസിക്കാൻ ചെല്ലുന്നവരോട് യാതൊരു തരത്തിലും ഒരു വെയ്സ്റ്റും അവിടെ ഉപേക്ഷിക്കാതെ അതെ പോലെ ശേഖരിച്ചു കൊണ്ട് പോരാൻ തന്നെ അവർ ആവശ്യപ്പെടുന്നു… മാത്രമല്ല, കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മുടെ ഗെയ്‌ഡും ഡ്രൈവറുമെല്ലാം വളരെ കരുതലോടെ നീങ്ങുന്നത് കാണാം… കാടിന്റെ പരിസ്ഥിതിയെ യാതൊരു വിധത്തിലും മുറിപ്പെടുത്താതെ കാഴ്ചകൾ കാണിക്കാൻ അവർ അത്രത്തോളം പരിശീലിക്കപ്പെട്ടിരിക്കുന്നു…
കോർബെറ്റിലെ കൊമ്പന്മാർ
എന്റെ ഗുരുവായ പ്രവീൺ പി മോഹൻദാസിനൊപ്പമാണ് ആദ്യം ഞാൻ ഇവിടെയെത്തുന്നത്… അദ്ദേഹത്തിന്റെ ആനച്ചിത്രങ്ങൾ എന്നെ അങ്ങോട്ടെത്തിക്കുകയായിരുന്നു…മഞ്ഞു പെയ്യുന്ന ഒരു ജനുവരി മാസത്തിലാണ് അവിടെ എത്തുന്നത്. ആന സൈറ്റിംഗ് പൊതുവെ കുറവ്.
കടുവയും നീർനായയുമൊക്കെ ക്യാമറയിൽ പതിഞ്ഞപ്പോൾ ആനക്കാഴ്ചകൾ അകന്ന് നിന്നു… പക്ഷേ, അവസാനദിവസം പുൽമേട്ടിൽ കോടമഞ്ഞു പെയ്തിറങ്ങുമ്പോൾ ചെറിയ ആനക്കൂട്ടം…അതിൽ രണ്ട് കുഞ്ഞാനകൾ കൊമ്പുകോർക്കുന്ന ചിത്രങ്ങൾ ഫ്രെയിമിലേക്കു കയറി… തിരിച്ചുള്ള യാത്രയിൽ മനസ്സിൽ തെളിഞ്ഞത് ഒന്ന് മാത്രം… ഇതു എന്റെ കൂടി ഭൂമികയാണ്… എന്റെ മോഹ ഫ്രയിമുകൾ ഇനി ഇവിടുന്നാണ് ഞാൻ ഉണ്ടാക്കേണ്ടത്… പിന്നെയങ്ങോട്ട് എന്റെ ആനഭ്രമം കൂടിക്കൂടിവന്നു… പിന്നെയെല്ലാ ഋതുക്കളിലും ധിക്കാലയിലെ ആനകളെ തേടി ഞാൻ വന്നു… മഴയിലും മഞ്ഞിലും വേനലിലും… ഞാൻ വന്നെത്തി… മോഹിച്ച ഫ്രെയിമുകൾ കണ്ടെത്താൻ ശ്രമിച്ചു. ലക്ഷണമൊത്ത ആനച്ചന്തങ്ങൾ … ഒറ്റയാന്മാർ, കുഞ്ഞാനകൾക്കൊപ്പം കരുതലോടെ നീങ്ങുന്ന അമ്മയാനകൾ, രാംഗംഗയുടെ ഓളപ്പരപ്പിൽ നീരാടുന്ന ആനക്കൂട്ടങ്ങൾ, ഒറ്റയാന്മാരുടെ കൊമ്പുകോർക്കൽ , പൂഴിമണ്ണിലെ കുളി, ആനപ്പോരാട്ടങ്ങൾ, മരങ്ങൾ പെയ്യുന്ന വഴിലൂടെയുള്ള എഴുന്നള്ളത്ത് അങ്ങനെയങ്ങനെ എത്രയെത്ര ഫ്രെയിമുകൾ …. ആനക്കാഴ്ചകൾക്ക് വേണ്ടിയുള്ള കാട്ടിലെ കാത്തിരിപ്പ് ഒരിക്കലും നിരാശ നൽകാറില്ല. അത്രത്തോളം അനിർവചനീയ നിമിഷങ്ങൾ ധിക്കാല എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അങ്ങോട്ടുള്ള ഓരോ യാത്രയും മനസ്സിൽ ഏറ്റവും പോസിറ്റീവായ പ്രകാശമാണ് എനിക്ക് സമ്മാനിക്കുന്നത്… എല്ലാ വർഷവും ജൂൺ പതിനഞ്ചിന് അടച്ചു നവംബറിൽ യാത്രികർക്കായി ദേശീയോദ്യാനം തുറക്കും.
ഈ വർഷത്തെ വേനൽക്കാല യാത്രയിൽ ആനക്കൂട്ടങ്ങളെ വളരെ കുറച്ചേ കണ്ടതുള്ളൂ. കടുവയുടെ സാന്നിധ്യം ഇത്തവണ കൂടുതലായിരുന്നു. കാലാവസ്ഥയിലെ ചെറിയ വ്യതിയാനങ്ങൾ പ്രകൃതിയിലും ജന്തുജാലങ്ങളിലും ആവാസവ്യവസ്ഥയിലും ചെറു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വേനലിലെ വെയിലിനോടൊപ്പം ധിക്കാലയിലെ സാംബാർ റോഡിലും പുൽമേടിലും കൊമ്പന്മാരെ തേടിനടന്നു. രണ്ടുപേർ ക്യാമറക്കു മുന്നിൽ എത്തി. വാലുമുറിഞ്ഞു പോയ സുന്ദരനും കുറുമ്പുള്ള മറ്റൊരുത്തനും. രണ്ടും ഒത്ത ഉയര ത്തിൽ ഗൗരവത്തോടെയുള്ള കരിവീരന്മാർ. വളരെ അടുത്തുനിന്ന് കൺനിറയെ കണ്ടു, അതിനു ശേഷം ചിത്രങ്ങളെടുത്തു… എങ്കിലും കൂടുതൽ ആനക്കൂട്ടങ്ങളെ കാണാത്ത വിഷമം മനസ്സിൽ ഉണ്ടായിരുന്നു… പക്ഷേ, തീർച്ചപ്പെടുത്തി… അടുത്ത മഞ്ഞുകാലത്ത് എന്റെ സ്വർഗഭൂമിയിലേക്കു ഞാൻ തിരിച്ചു ചെല്ലും. കണ്ണിനും മനസ്സിനും ഇടയിൽ കംപോസ് ചെയ്ത ക്യാമറ ഫ്രെയിമുകൾക്കു വേണ്ടി… അതിലെ കരിവീരന്മാർക്കു വേണ്ടി…!
ചിത്രങ്ങളും എഴുത്തും
സീമ സുരേഷ്