National
അനധികൃതമായി ബിജെപി 6500 കോടി സമാഹരിച്ചു, അക്കൗണ്ടുകള്‍ ഒന്നും മരവിപ്പിച്ചിട്ടില്ല; കെ സി വേണുഗോപാല്‍
കേന്ദ്രത്തിന്റെ നടപടിയെ ജനാധിപത്യപരമായി നേരിടുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി|പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബേങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചുവെന്ന് കെ സി വേണുഗോപാല്‍ എംപി. ഇലക്ട്രല്‍ ബോണ്ടില്‍ സുംപ്രീംകോടതിയില്‍ നിന്നുണ്ടായ തിരിച്ചടി മറികടക്കാനുള്ള ബിജെപി ശ്രമമാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കലിലൂടെ നടക്കുന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഇലക്ട്രല്‍ ബോണ്ടിലൂടെ ബിജെപി അനധികൃതമായി 6500 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നും ആ അക്കൗണ്ടുകള്‍ ഒന്നും മരവിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ അക്കൗണ്ടിലുള്ളത് സാധാരണക്കാരില്‍ നിന്ന് സമാഹരിച്ച തുകയാണ്. കേന്ദ്രത്തിന്റെ നടപടിയെ ജനാധിപത്യപരമായി നേരിടുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിനൊപ്പം യൂത്ത് കോണ്‍ഗ്രസിന്റെ ബേങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ആദായനികുതി അടക്കാന്‍ വൈകിയെന്ന പേരിലാണ് കേന്ദ്രത്തിന്റെ നടപടി. 45 ദിവസം വൈകിയെന്ന പേരില്‍ 210 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പാര്‍ട്ടി ഇന്‍കംടാക്സ് അതോറിറ്റിയെ സമീപിച്ചതായും കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ബേങ്ക് അക്കൗണ്ടുകള്‍ മാത്രമല്ല ജനാധിപത്യത്തെയാണ് കേന്ദ്രം മരവിപ്പിച്ചതെന്ന് അജയ് മാക്കന്‍ ആരോപിച്ചു. ഇന്നലെ മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും യൂത്ത് കോണ്ഗ്രസ് മെമ്പര്‍ഷിപ് ഫീ വാങ്ങിയ അക്കൗണ്ടും മരവിപ്പിച്ചു.