FEVER
പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും
രണ്ടാഴ്ച്ചക്കുള്ളില്‍ 8,500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ചികിത്സ തേടിയത്
കോഴിക്കോട് | വേനല്‍ കനത്തതോടെ ജില്ലയില്‍ ഡെങ്കിപ്പനി, മഞ്ഞപ്പിത്ത രോഗങ്ങള്‍ പടരുന്നു. ജില്ലയില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ 8,500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ചികിത്സ തേടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം കിണറുകള്‍ വറ്റി. കുടിവെള്ളത്തിലൂടെയാണ് പലതരം രോഗങ്ങള്‍ പടരുന്നതെന്നാണ് നിഗമനം.
ശരാശരി 250ലധികം ആളുകളാണ് പനി ബാധിച്ച് ഒരു ദിവസം സര്‍ക്കാര്‍ ആശുപത്രി കളിയിലെത്തുന്നത്. ഇതിന് പുറമെ സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ബുധനാഴ്ച മാത്രം 821 പേര്‍ പനി ബാധിച്ച് ആശുപത്രികളിലെത്തി. വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവുമാണ് പടരുന്ന പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ജില്ലയില്‍ 44 ഡെങ്കിപ്പനി കേസുകളും 21 മഞ്ഞപ്പിത്ത കേസുകളുമാണ് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മലയോര മേഖലകളിലാണ് ഡെങ്കിപ്പനി പ്രധാനമായും വ്യാപിക്കുന്നത്. ഈഡിസ് കൊതുകകളില്‍ നിന്ന് പടരുന്ന ഡെങ്കിപ്പനി മഴക്കാല രോഗമാണെങ്കിലും നിലവില്‍ പടരാനുള്ള കാരണം വ്യക്തമല്ല എന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. മലിന ജലം കുടിക്കുന്നതാണ് മഞ്ഞപ്പിത്തം പടരാനുള്ള പ്രധാന കാരണം.ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഇതിനകം രണ്ടുപേര്‍ മരിച്ചു.