Connect with us

prathivaram poem

ഒരു മരം മുറിച്ചുമാറ്റുമ്പോൾ

പടർന്നു പന്തലിച്ചതൊരു പാഴ്‌മരമെന്നോ ? നാളെ, പെയ്തുവീഴുന്ന വെയിൽ പറയും, തണലാഴങ്ങളിൽ തിരതല്ലിയിരുന്ന തരുവിന്റെ സ്നേഹം !

Published

|

Last Updated

രു മരം മുറിച്ചു മാറ്റുമ്പോൾ
ഓർമകൾ വാർന്ന്,
ഇന്നലെകൾ പിടയും!

മുറ്റത്ത് മുറിഞ്ഞു വീഴുന്നത്
തണലുകൊണ്ട്
സ്നേഹമെഴുതിയ മരം!

ഇലഞരമ്പുകളിൽ
നട്ടുവളർത്തിയവന്റെ സ്വപ്നങ്ങൾ
അന്ത്യശ്വാസം വലിക്കും !

മരത്തിനു മുന്നേ കാലം ചെയ്തവന്റെ
നിശ്വാസം മേഘങ്ങളിൽ തട്ടി
ഇടറിവീഴും !

എത്രയെത്ര തണലുകളാണ്
അറക്കവാളിൽ ഇല്ലാതാകുന്നത് !

മുറിച്ചു മാറ്റിയ മരവും
മൗനമായ് ചോദിച്ചിരിക്കും,

അറുത്തു മാറ്റുവാനെങ്കിൽ
നട്ടുവളർത്തിയതെന്തിന് ?

നൽകിയ തണലുകളെല്ലാം
പൊള്ളിത്തുടങ്ങിയതെന്ന് ?

താൻ നട്ടതെന്ന് ഊറ്റം
കൊണ്ടവനോടെന്തു പറയണം ?

പടർന്നു പന്തലിച്ചതൊരു
പാഴ്‌മരമെന്നോ ?
നാളെ,
പെയ്തുവീഴുന്ന വെയിൽ പറയും,
തണലാഴങ്ങളിൽ തിരതല്ലിയിരുന്ന
തരുവിന്റെ സ്നേഹം !
തിരിച്ചുകിട്ടാത്ത നഷ്ടങ്ങളുടെ
മുറിപ്പാടുകൾ …!

Latest