Connect with us

Ongoing News

അറഫ സംഗമത്തിന് ഉജ്ജ്വല പരിസമാപ്‌തി; ഹാജിമാർ മുസദലിഫയിലേക്ക്

തൽബിയത്തിൽ മുഴുകിയും, പ്രാർത്ഥന നിർവഹിച്ചും, ഖുർആൻ പാരായണത്തിൽ മുഴുകിയുമാണ് വിശ്വാസികൾ അറഫയിൽ കഴിഞ്ഞത്.

Published

|

Last Updated

അറഫ | ഖലീലുല്ലാഹി ഇബ്റാഹീം നബിയുടെയും പ്രിയ പുത്രൻ ഇസ്മായിൽ നബിയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ ഒരിക്കൽ കൂടി പുതുക്കി അഷ്ടദിക്കുകളിൽ നിന്നെത്തിയ ജനലക്ഷങ്ങൾ അന്ത്യ പ്രവാചകർ മുഹമ്മദ്‌ നബി (സ) തങ്ങളുടെ പാദസ്പർശനം കൊണ്ട് അനുഗ്രഹീതമായ അറഫയിൽ സംഗമിച്ചതോടെ ഈ വര്‍ഷത്തെ അറഫാ സംഗമത്തിന് പരിസമാപ്തിയായി. സൂര്യസ്ഥമായത്തോടെ ഹാജിമാർ അറഫയിൽനിന്നു 10 കിലോമീറ്റർ അകലെയുള്ള മുസ്തദലിഫയിലേക്ക് നീങ്ങി. ഇന്ന് ഹാജിമാർ അവിടെ രാപ്പാർക്കും.

ഹജ്ജിന്റെ മൂന്നാം ദിനമായ ബലിപെരുന്നാൽ ദിനത്തിൽ ജംറയിൽ എറിയുവാനുള്ള കല്ലുകൾ മുസ്ദലിഫയിൽ നിന്നാണ് ഹാജിമാർ ശേഖരിക്കുക. ഞായറാഴ്ച സുബഹി നമസ്‌കാരത്തോടെ കല്ലേറ് കർമ്മങ്ങൾക്കായി അവർ ജംറകളിലക്കേ് നീങ്ങും.

അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ) അവസാനമായി പങ്കെടുത്ത ഹജ്ജത്തുൽ വിദാഇലെ വിടവാങ്ങൽ പ്രഭാഷണത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയിൽ നടന്ന ഖുതുബക്കും നിസ്കാരത്തിനും മക്കയിലെ മസ്ജിദുൽ ഹറമിലെ ഇമാം ശൈഖ് മാഹിർ അൽ മുഐകിലി നേതൃത്വം നൽകി. ഇഹ പര വിജയത്തിന് അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ച് തിരുനബിയുടെ പാത പിൻപറ്റി ജീവിക്കുവാനും അവൻ വിലക്കിയ കാര്യങ്ങൾ ഒഴിവാക്കാനും ഖുതുബയിൽ ഇമാം വിശ്വാസികളെ ഉണർത്തി. ഹജ്ജ് എന്നത് വിശ്വാസിയുടെ ആത്മാർത്ഥത തന്റെ റബ്ബിന് മുമ്പിൽ പ്രകടമാകാനുള്ള അവസരമാണെന്നും, രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കുള്ള സ്ഥലമല്ലന്നും അദ്ദേഹം വ്യക്തമാക്കി.

അറഫാത്തിലെ ജബൽ അൽ-റഹ്മയിൽ (കരുണയുടെ പർവതത്തിൽ) കനത്ത സുരക്ഷയാണ് ഈ വർഷം ഒരുക്കിയത്. തൽബിയത്തിൽ മുഴുകിയും, പ്രാർത്ഥന നിർവഹിച്ചും, ഖുർആൻ പാരായണത്തിൽ മുഴുകിയുമാണ് വിശ്വാസികൾ അറഫയിൽ കഴിഞ്ഞത്.

ഹജ്ജ് കർമ്മങ്ങളിൽ സൽമാൻ രാജാവിന്റെ 3322 അതിഥികളാണ് ഈ വർഷം പങ്കെടുക്കുന്നത്. ഇവരിൽ ഫലസ്തീനിലെ ഗസ്സ മുനമ്പിലെയും മറ്റ് അധിനിവേശ പ്രദേശങ്ങളിലെയും രക്തസാക്ഷികൾ, തടവുകാർ, പരിക്കേറ്റ ഫലസ്തീനികൾ എന്നിവരുടെ കുടുംബങ്ങളിൽ നിന്നുള്ള 2000 പേരും 88 ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,300 പേരും, സഊദിയിൽ ഇരട്ടകളെ വിജകരമായി വേർപിരിയൽ ശാസ്ത്രക്രിയക്ക് വിധേയരാക്കിയ 22 പേരുമാണ് ഉൾപ്പെടുന്നത്.

150 രാജ്യങ്ങളിലെ പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങളിൽ നിന്നുള്ള 2000 മാധ്യമ പ്രതിനിധികളും ഈ വർഷത്തെ ഹജ്ജ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി പുണ്യഭൂമിയിലെത്തിയിട്ടുണ്ട്.

സിറാജ് പ്രതിനിധി, ദമാം

Latest