Uae
അബൂദബി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 67 ശതമാനം വര്‍ധന
2023 ന്റെ ആദ്യ പകുതിയില്‍ 10,258,653 യാത്രക്കാര്‍.
അബൂദബി | അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 67 ശതമാനം വര്‍ധന രേഖപ്പെടുത്തി. മുംബൈ, ലണ്ടന്‍, ഡല്‍ഹി, കൊച്ചി, ദോഹ എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങള്‍. 2023 ന്റെ ആദ്യ പകുതിയില്‍ 10,258,653 യാത്രക്കാരെ അബൂദബി സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6,158,376 യാത്രക്കാര്‍ എത്തിയപ്പോള്‍ ഈ വര്‍ഷം 67 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
67,835 വിമാനങ്ങളാണ് അബൂദബി വിമാനത്താവളത്തില്‍ ഈ വര്‍ഷമെത്തിയത്. 2022 ല്‍ ഇതേ കാലയളവില്‍ 49,919 വിമാനങ്ങളെത്തിയപ്പോള്‍ ഈ വര്‍ഷം 36 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഈ കാലയളവില്‍ 27 എയര്‍ലൈനുകള്‍ 114 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തി വിമാനത്താവളത്തിന്റെ ശൃംഖല വികസിപ്പിച്ചു. മുംബൈ (461,081), ലണ്ടന്‍ (374,017), ഡല്‍ഹി (331,722), കൊച്ചി (316,460), ദോഹ (261,117) എന്നിവയാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങള്‍. 2023 ന്റെ ആദ്യ പകുതിയിലെ തങ്ങളുടെ യാത്രക്കാരുടെ കണക്കുകള്‍ അബൂദബിയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജസ്വലമായ ബിസിനസ്സ്, ടൂറിസം, വ്യോമയാന മേഖലകളെ പിന്തുണയ്ക്കുന്നതിനുള്ള വിപുല ശ്രമങ്ങളെ എടുത്തുകാണിക്കുന്നതായി അബൂദബി എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ഫ്രാങ്ക് മക്രോറി പറഞ്ഞു.
യാത്രക്കാരുടെ എണ്ണത്തിലും ഫ്‌ളൈറ്റുകളിലുമുള്ള തുടര്‍ച്ചയായ വര്‍ധന, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍, സാങ്കേതിക സംയോജനങ്ങള്‍, അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്ത ആവാസവ്യവസ്ഥ എന്നിവക്ക് സമാന്തരമായി അബൂദബി എയര്‍പോര്‍ട്ടിന്റെ വളര്‍ച്ചാ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടുന്നു. എല്ലാ ദിവസവും അതിഥികള്‍ക്ക് സേവന മികവ് നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ മേഖലയിലെ ഒരു ഇഷ്ടപ്പെട്ട വിമാനത്താവളമെന്ന നിലയില്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഫ്രാങ്ക് മക്രോറി പറഞ്ഞു.