Connect with us

Kerala

ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 7.65 കോടി തട്ടിയ സംഭവം; ചേര്‍ത്തലയില്‍ നിരവധിപേര്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി സൂചന

പള്ളിപ്പുറം സ്വദേശിയായ നഴ്‌സില്‍നിന്നു എട്ടുലക്ഷം, ചേര്‍ത്തലക്കാരിയായ വീട്ടമ്മയില്‍നിന്നു നാലരലക്ഷം തുടങ്ങിയ തട്ടിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്

Published

|

Last Updated

ചേര്‍ത്തല |  ഓഹരിവിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 7.65 കോടി തട്ടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.വിനയകുമാറിന്റെയും, ഭാര്യ ഡോ.ഐഷയുടെ പണവുമാണ് നഷ്ടമായത്. ഓഹരിവിപണിയില്‍ വന്‍ ലാഭം നേടിതരാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ഇത്രയും തുക ഇവര്‍ മുടക്കിയത്. പണം നഷ്ടപെട്ട ഡോക്ടര്‍ ദമ്പതികളുടെ അക്കൗണ്ടു വിവരങ്ങളും പണമയച്ച നടപടികളും പണമെത്തിയ അക്കൗണ്ട് വിവരങ്ങളുമാണ് അന്വേഷണ സംഘം ധനകാര്യ വിദഗ്ദരുടെ സഹായത്താല്‍ പരിശോധിക്കുന്നത്. ഇതിനു ശേഷം മാത്രമേ അന്വേഷണത്തിന്റെ തുടര്‍ നടപടികളിലേക്കു കടക്കുകയുള്ളു.

പ്രധാനമായും ഗുജറാത്ത് കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടന്നിരിക്കുന്നതെന്നും പണം ഗുജറാത്തിലെ അക്കൗണ്ടിലേക്കാണെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. അതിനാല്‍ നിലവിലെ അന്വേഷണ സംഘം അങ്ങോട്ടു തിരിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒരു കോടിക്കും മുകളിലുള്ള തട്ടിപ്പാണെന്നതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറും. ബേങ്കിടപാടുകളിലെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ ഇതിലെല്ലാം തീരുമാനമാകുകയുള്ളു.

ഇന്‍വെസ്‌കോ, കാപിറ്റല്‍, ഗോള്‍ ഡിമാന്‍സ് സാക്സ് എന്നീകമ്പനികളുടെ അധികാരികളെന്ന വ്യാജേന രേഖകള്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ചും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തുമാണ് ഡോക്ടര്‍ ദമ്പതിമാരെ തട്ടിപ്പു സംഘം കുടുക്കിയത്. പണം തട്ടുന്നതിനുവേണ്ടി ഡോക്ടര്‍ക്ക് വാട്സാപ്പ് വഴി ലിങ്ക് അയച്ചുനല്‍കി ഗ്രൂപ്പില്‍ ചേര്‍ത്തുകൊണ്ടാണ് നിക്ഷേപവും ലാഭവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത്. കമ്പനിയെന്ന് അവകാശപെടുന്നവരും ഇടപാടുകാരും വാട്‌സാപ്പ് വഴി മാത്രമാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഡോക്ടര്‍ ദമ്പതിമാരുടെ നിക്ഷേപം കൂടിയതോടെ ലാഭവും ചേര്‍ത്ത് 39.72 കോടി നല്‍കാമെന്നും ദമ്പതിമാരുടെ ഇന്റേണല്‍ ഇക്വിറ്റി അക്കൗണ്ടില്‍ പണം ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വ്യാജ രേഖകളും അയച്ചുനല്‍കി.

എന്നാല്‍ 7.65 കോടി നല്‍കിയതില്‍ 15 കോടി ആക്കി ഉയര്‍ത്തിയാല്‍ മാത്രമെ നിങ്ങള്‍ക്ക് മുഴുവനും പണം ലഭിക്കുകയുള്ളു എന്നുപറഞ്ഞപ്പോഴാണ് ഡോക്ടര്‍ ദമ്പതികള്‍ക്ക് ഇത് തട്ടിപ്പാണെന്ന് മനസിലായത്. ഡോ.വിനയകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചേര്‍ത്തല പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടുമാസത്തിനിടെയാണ് ഡോക്ടര്‍ ദമ്പതികള്‍ സംഘത്തിനു ഇത്രയും തുകകൈമാറിയത്. മലയാളികളായവരടെ ഇടപെടല്‍ തട്ടിപ്പിനു പിന്നിലുണ്ടോയെന്ന വിവരവും അന്വേഷിക്കും. സംഭവം പുറത്തുവന്നതോടെ ചേര്‍ത്തലയില്‍ നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകളും പുറത്തുവന്നിട്ടുണ്ട്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് പോലീസും സൈബര്‍ സെല്ലും സംയുക്തമായ അന്വഷണം ആരംഭിച്ചതോടെ പണം നഷ്ടമായവരുടെ എണ്ണം കൂടുമെന്നാണ് സൂചന. പള്ളിപ്പുറം സ്വദേശിയായ നഴ്‌സില്‍നിന്നു എട്ടുലക്ഷം, ചേര്‍ത്തലക്കാരിയായ വീട്ടമ്മയില്‍നിന്നു നാലരലക്ഷം തുടങ്ങിയ തട്ടിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഓണ്‍ലൈന്‍ തട്ടിപ്പില്‍ 14 ഓളം കേസുകളിലായി 8.20 കോടിയോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള കണക്ക്. തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നതോടെ കൂടുതല്‍പേര്‍ പരാതിയുമായി പോലീസിന്റെ മുന്നിലെത്തിയിട്ടുണ്ട്.

 

Latest