Connect with us

First Gear

7.99 ലക്ഷത്തിന് എസ്‌യുവി കൂപ്പെ; സിട്രൺ ബസാൾട്ട് ഇന്ത്യയിൽ

ടാറ്റ കർവുമായി മുഖാമുഖം പോരാട്ടത്തിനിറങ്ങുന്ന മോഡൽ മാരുതിയുടെ ടോപ്പ് സെല്ലിങ്‌ കാറുകളിൽ ഒന്നായ ഫ്രോങ്ക്‌സിനും വെല്ലുവിളിയാകുമെന്ന്‌ ഇതോടെ ഉറപ്പായി.

Published

|

Last Updated

ന്യൂഡൽഹി | വാഹനപ്രേമികളെ വീണ്ടും ഞെട്ടിച്ച്‌ ഫ്രഞ്ച്‌ കാർ നിർമാതാക്കളായ സിട്രൺ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബസാൾട്ട് കൂപ്പെ എസ്‌യുവിയുടെ വില പ്രഖ്യാപിച്ചാണ്‌ ഇത്തവണ സിട്രൺ വാഹനപ്രേമികളെ ആകർഷിച്ചിരിക്കുന്നത്‌. വെറും 7.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ‘പാവങ്ങളുടെ ഉറൂസ്’ എന്ന വിളിപ്പേരുള്ള ബസാൾട്ട് വിപണിയിലേക്ക് എത്തുന്നത്.

ടാറ്റ കർവുമായി മുഖാമുഖം പോരാട്ടത്തിനിറങ്ങുന്ന മോഡൽ മാരുതിയുടെ ടോപ്പ് സെല്ലിങ്‌ കാറുകളിൽ ഒന്നായ ഫ്രോങ്ക്‌സിനും വെല്ലുവിളിയാകുമെന്ന്‌ ഇതോടെ ഉറപ്പായി. പ്രീമിയം ഹാച്ച്ബാക്കുകളുടേയും മൈക്രോ, കോംപാക്‌ട് എസ്‌യുവികളുടേയും വിപണി പിടിക്കുക ലക്ഷ്യമിട്ടാണ്‌ ബസാൾട്ടിൻ്റെ വില പ്രഖ്യാപിച്ചിരിക്കുന്നത്‌.

7.99 ലക്ഷമെന്നത് ആമുഖ വിലയാണെന്നും സിട്രൺ പ്രത്യേകം പറയുന്നുണ്ട്‌. 2024 ഒക്ടോബർ 31 വരെ വാഹനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഈ വിലയ്‌ക്ക്‌ വാഹനം ലഭിക്കൂ. നവംബറിൽ വില കൂടും. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിൻ്റെ രാജ്യത്തെ അംഗീകൃത ഡീലർഷിപ്പുകളിൽ ഉടനീളം 11,001 രൂപ ടോക്കൺ നൽകി ബസാൾട്ട്‌ ബുക്ക് ചെയ്യാം. മുമ്പ് തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിൽ മുൻകൂട്ടി ബുക്കിംഗ് ആരംഭിച്ചിരുന്നു.

മാസ്-മാർക്കറ്റ് സെഗ്‌മെൻ്റിലെ ആദ്യത്തെ ഇൻ്റേണൽ കംബഷൻ എഞ്ചിൻ (ICE) കൂപ്പെ എസ്‌യുവിയാണ് ബസാൾട്ട്. ഇലക്ട്രിക് കുപ്പായമണിഞ്ഞ് പുറത്തിറക്കിയ ടാറ്റ കർവ് ഇവി വന്നതിന് തൊട്ടടുത്ത ദിവസമാണ് സിട്രൺ ബസാൾട്ടിൻ്റെ വില പ്രഖ്യാപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്‌. സെപ്റ്റംബർ രണ്ടിന് കർവ് ICE പതിപ്പുകളുടെ വില ടാറ്റ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇത്‌ 10 ലക്ഷത്തിന് മുകളിലായിരിക്കും എന്നാണ്‌ കരുതുന്നത്‌. ഇത് ബസാൾട്ടിന് നേട്ടമായേക്കും.

2021-ൽ ഇന്ത്യയിലെത്തിയ സിട്രണിൻ്റെ അഞ്ചാമത്തെ മോഡലാണ്‌ ബസാൾട്ട്. C5 എയർക്രോസ്, C3, e-C3, C3 എയർക്രോസ് എന്നിവ കാര്യമായ മുന്നേറ്റം ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ബസാൾട്ട്‌ സിട്രണിൻ്റെ തലവര തന്നെ മാറ്റുമെന്നാണ് അനുമാനം. ഗംഭീര ഫീച്ചറുകളും പുതിയ സ്റ്റൈലിംഗും ആളുകളെ ഇതിനോടകം ആകർഷിച്ചിട്ടുണ്ട്. കുറഞ്ഞ വില കൂടിയാവുമ്പോൾ വിൽപ്പന കുതിക്കുമെന്ന്‌ ഉറപ്പ്‌.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുമായാണ് സിട്രൺ ബസാൾട്ട് എത്തിയിരിക്കുന്നത്. ബേസ് മോഡലുകളിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 80 bhp കരുത്തിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമായിരിക്കും ഇതിലുണ്ടാവുക.
മറുവശത്ത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിന് 109 bhp പവർ വരെ വികസിപ്പിക്കാനാവും.

മാനുവൽ പതിപ്പിൽ ടോർക്ക് 190 Nm കിട്ടുമ്പോൾ ബസാൾട്ട് ഓട്ടോമാറ്റിക്കിന് 205 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് സിട്രൺ പറയുന്നത്. മൈലേജും ആകർഷകമാണ്‌. 1.2 നാച്ചുറലി ആസ്പിറേറ്റഡ് മോഡലിൽ 18 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. 1.2 ടർബോ പെട്രോൾ മാനുവലിൽ 19.5 കിലോമീറ്ററും ടർബോ പെട്രോൾ ഓട്ടോമാറ്റിക്കിന് 18.7 കിലോമീറ്റർ ഇന്ധനക്ഷമതയും കമ്പനി അവകാശപ്പെടുന്നു.

Latest