National
വീട്ടുജോലിക്കെത്തി 7ലക്ഷം രൂപയും 2 കോടി വിലമതിക്കുന്ന വജ്ര സ്വര്‍ണാഭരണങ്ങളും കവര്‍ന്നു ;പ്രതികൾ പിടിയില്‍
പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാവുന്നത്.
മുബൈ | വീട്ടുജോലിക്കെത്തി 7ലക്ഷം രൂപയും 2 കോടി വിലമതിക്കുന്ന വജ്ര സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളായ നിരഞ്ജന്‍ ബഹേലിയ,രാം ചെല്‍വ,സ്വര്‍ണപ്പണിക്കാരനായ ജയപ്രകാള്‍ ഹരിശങ്കര്‍ എന്നിവരാണ് പിടിയിലായത്. ഒരു മാസം മുമ്പ് നടന്ന കവര്‍ച്ചയില്‍ ചൊവ്വാഴ്ച രാത്രിയോടുകൂടിയാണ് പ്രതികള്‍ പിടിയിലാവുന്നത്.
കുടുംബം ഗോവയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് പ്രതികള്‍ കിടപ്പുമുറിയുടെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്. കവര്‍ച്ചക്ക് ശേഷം പ്രതികള്‍ വീട്ടില്‍ നിന്നും കടന്നുകളയുകയായിരുന്നു.
വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തി സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വീട്ടുജോലിക്കാരും കൂട്ടാളിയും ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്. ആഭരണങ്ങളില്‍ ഏറെയും സംഘം വില്‍പ്പന നടത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.