International
വടക്കൻ ഗസ്സയിൽ ഇസ്റാഈൽ വ്യോമാക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടു
നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഗസ്സ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.
ഗസ്സ സിറ്റി | വടക്കൻ ഗസ്സയിലെ ബെയ്ത് ലഹിയയിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഗസ്സ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.
തെക്കൻ ഗസ്സ മുനമ്പിലെ ഖാന് യൂനിസിന് സമീപം അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കാൻ പോയ നാല് വാട്ടര് എഞ്ചിനീയർമാരും തൊഴിലാളികളും ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഓക്സ്ഫാം പറയുന്നു. 16 ദിവസത്തെ ഇസ്റാഈൽ സൈനിക ഉപരോധം കാരണം ഗസ്സയുടെ വടക്കൻ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇത് പ്രദേശത്തെ ഭക്ഷണം, വെള്ളം, മെഡിക്കൽ വിതരണം തുടങ്ങിയ സുപ്രധാന സേവനങ്ങൾ വിച്ഛേദിക്കപ്പെട്ട സ്ഥിയിലാണ്. ഇതിനിടയിലാണ് കനത്ത വ്യോമാക്രമണവും തുടരുവന്നത്.
2023 ഒക്ടോബര് 7 മുതൽ ഗസ്സയിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ 42,519 പേർ കൊല്ലപ്പെടുകയും 99,637 പേർക്ക് പരുക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 7 ന് ഇസ്റാഈലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 1,139 പേർ കൊല്ലപ്പെടുകയും 200 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.
അതിനിടെ, തെക്കൻ ലെബനനിലും ബെയ്റൂത്തിന്റെ തെക്കുഭാഗത്തും ഞായറാഴ്ച രാവിലെയും പോരാട്ടം തുടരുകയാണ്. അവിടെ നഗരത്തിന് മുകളിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.