Connect with us

tax

പ്രത്യക്ഷ നികുതിയിൽ 74.4% വർധന

അഡ്വാൻസ് നികുതി പിരിവ് 1.72 ലക്ഷം കോടിയായി. നടപ്പ് സാമ്പത്തിക വർഷത്തെ നികുതി വർധന 95%

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനം തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറി തുടങ്ങുന്നുവെന്ന സൂചന നൽകി രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ വർധന. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ സെപ്തംബർ 22 വരെയുള്ള കണക്കനുസരിച്ച് അറ്റ പ്രത്യക്ഷ നികുതി വരുമാനത്തിൽ 74.4 ശതമാനത്തിന്റെ വർധനയുണ്ടായെന്നാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇതോടൊപ്പം അഡ്വാൻസ് നികുതി പിരിവ് 51.50 ശതമാനം വർധിച്ച് 1.72 ലക്ഷം കോടിയിലെത്തി.

3,02,975 കോടി രൂപ കോർപറേഷൻ നികുതി ഇനത്തിലും 2,67,593 കോടി രൂപ വ്യക്തിഗത ആദായ നികുതി ഇനത്തിലുമായി സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഈ മാസം 22 വരെ 5,70,568 കോടി രൂപയാണ് പ്രത്യക്ഷ നികുതിയായി ഖജനാവിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,27,174 കോടി രൂപയാണ് ലഭിച്ചത്. കൊവിഡ് വ്യാപനത്തിന്റെ രണ്ടം തരംഗം രൂക്ഷമായ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ രാജ്യത്തിന്റെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നുവെങ്കിലും രണ്ടാം പാദത്തിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുകയായിരുന്നു.

1,72,071 കോടി രൂപ സമാഹരിച്ചാണ് അഡ്വാൻസ് നികുതി വരുമാനം 51.50 ശതമാനം വർധന രേഖപ്പെടുത്തിയത്. 2020- 21 വർഷം 1,13,571 കോടി രൂപയായിരുന്നു അഡ്വാൻസ് നികുതി നേടിയിരുന്നത്. 2021- 22 വർഷത്തിൽ ഇതുവരെ 75,111 കോടി രൂപ റീഫണ്ടായി നൽകിയിട്ടുണ്ടെന്നും കേന്ദ്ര നികുതി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 95 ശതമാനത്തോളമാണ് പ്രത്യക്ഷ നികുതി വരുമാനം വർധിച്ചത്. സെപ്തംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരം 3.7 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാറിന് പ്രത്യക്ഷ നികുതി വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 1.9 ലക്ഷം കോടി രൂപയായിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി സമ്പൂർണമായും ഭാഗികമായും ലോക്ക്ഡൗൺ ഏർപ്പെടുത്തിയതും ബിസിനസ്സ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതുമാണ് കഴിഞ്ഞ വർഷം പ്രത്യക്ഷ നികുതി വരുമാനം കുറയാൻ പ്രധാന കാരണമായത്. കൊവിഡിന് മുമ്പുണ്ടായിരുന്ന പ്രത്യക്ഷ നികുതി വരുമാനത്തേക്കാളും വർധന ഈ വർഷമുണ്ടായിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിലെ ആഗസ്റ്റ് 31ലെ പ്രത്യക്ഷ വരുമാനത്തേക്കാൾ 31 ശതമാനം വർധനവാണ് ഈ സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്.

ഈ സാമ്പത്തിക വർഷത്തെ 11.08 ലക്ഷം കോടി രൂപയെന്ന പ്രത്യക്ഷ നികുതി വരുമാന ലക്ഷ്യം നേടുന്നതിന് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 17 ശതമാനം വളർച്ചയാണ് വേണ്ടത്. ലക്ഷ്യമിട്ടതിന്റെ 33 ശതമാനം മാത്രമാണ് സെപ്തംബർ രണ്ട് വരെ ലഭിച്ചത്. വരുന്ന മാസങ്ങളിലും നികുതി വരുമാന വളർച്ച ശക്തമായി തുടർന്നാൽ മാത്രമേ പ്രതീക്ഷിച്ച നികുതി വരുമാനം നേടാനാകുകയുള്ളൂ. കഴിഞ്ഞ സാമ്പത്തിക വർഷവും ഈ വർഷത്തേതിന് സമാനമായി രണ്ടാം പകുതിയിൽ നികുതി വരുമാനത്തിൽ വർധന രേഖപ്പെടുത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നടപ്പാക്കിയിരുന്ന അടച്ചുപൂട്ടൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിന് പിന്നാലെയാണ് പ്രത്യക്ഷ നികുതിയിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest