International
സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; എല്ലാവരും സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം
കൂടുതല്‍ ഇന്ത്യക്കാരെ പ്രശ്‌നബാധിത മേഖലയില്‍ നിന്നും പുറത്തെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്
ദമാസ്‌കസ്| സിറിയയില്‍ നിന്നും 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം. എല്ലാവരെയും സുരക്ഷിതമായി ലെബനനില്‍ എത്തിച്ചു. ദമാസ്‌കസിലെയും ബെയ്‌റൂട്ടിലെയും ഇന്ത്യന്‍ എംബസികള്‍ ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.ഒഴിപ്പിച്ച ഇന്ത്യക്കാര്‍ കോമേഴ്ഷ്യല്‍ വിമാനങ്ങളില്‍ രാജ്യത്ത് മടങ്ങിയെത്തുമെന്നാണ് വിവരം.
കൂടുതല്‍ ഇന്ത്യക്കാരെ പ്രശ്‌നബാധിത മേഖലയില്‍ നിന്നും പുറത്തെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്.അതേസമയം സിറിയയിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. സിറിയയില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ദമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.ഇതിനായി ഹെല്‍പ്പ്ലൈന്‍ നമ്പര്‍: +963 993385973 മന്ത്രാലയം നല്‍കിയിട്ടുണ്ട്.സിറിയയിലെ ഇന്ത്യന്‍ പൗരന്മാരുടെ അഭ്യര്‍ത്ഥനകളും സുരക്ഷാ സാഹചര്യങ്ങളും പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ച വിമതര്‍, മുഹമ്മദ് അല്‍ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 2025 മാര്‍ച്ച് ഒന്നു വരെയാണ് അല്‍ ബഷീറിന്റെ കാലാവധി.