National
ഒറ്റയടിക്ക് 75 കിലോമീറ്റര്‍ റോഡ് നിര്‍മാണം; ഗിന്നസ് റെക്കോര്‍ഡിട്ട് ഇന്ത്യ
105 മണിക്കൂറും 33 മിനിറ്റും കൊണ്ടാണ് നിർമാണം നടത്തിയത്
ന്യൂഡല്‍ഹി | ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമേറിയ ബിറ്റുമിനസ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിന് ഇന്ത്യ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ദേശീയപാത 53-ല്‍, മഹാരാഷ്ട്രയിലെ അമരാവതി, അകോല ജില്ലകള്‍ക്കിടയില്‍ 75 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചതിനാണ് പുരസ്‌കാരം. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍എച്ച്എഐ) കണ്‍സള്‍ട്ടന്റുമാരും കണ്‍സഷന്‍ എയറുമായ രാജ്പഥ് ഇന്‍ഫ്രാകോണ്‍ പ്രൈവറ്റ് ലിമിറ്റഡും ജഗദീഷ് കദമുമാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
രാജ്യത്തിനാകെ അഭിമാനകരമായ നിമിഷമാണ് ഇതെന്ന് ഗഡ്കരി ട്വിറ്റ് ചെയ്തു. നേട്ടം സ്വന്തമാക്കിയ നിര്‍മാതാക്കളെ അഭിനന്ദിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും രാവും പകലും ഇതിനായി അദ്ധ്വാനിച്ച എഞ്ചിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ് മൂന്നിന് രാവിലെ 7.27നാണ് റോഡ് നിര്‍മാണം ആരംഭിച്ചത്. ജൂണ് ഏഴിന് വൈകിട്ട് 5 മണിക്ക് 75 കിലോമീറ്റര് ദൈര്ഘ്യമുള്ള റോഡിന്റെ നിര്മ്മാണം പൂര്‍ത്തിയാക്കി. 105 മണിക്കൂറും 33 മിനിറ്റും കൊണ്ടാണ് നിര്‍ാണം നടത്തിയത്. എന്‍എച്ച്എഐയിലെ 800 ഓളം ജീവനക്കാരും സ്വതന്ത്ര കണ്‍സള്‍ട്ടന്റുമാര്‍ ഉള്‍പ്പെടെ രാജ്പഥ് ഇന്‍ഫ്രാക്കോണിലെ 720 തൊഴിലാളികളും നിര്‍മാണത്തില്‍ പങ്കാളികളായി. 75 കിലോമീറ്റര് ദൈര് ഘ്യമുള്ള ഒറ്റവരിപ്പാത 35 കിലോമീറ്റര് ദൈര് ഘ്യമുള്ള രണ്ടുവരിപ്പാത റോഡിന് തുല്യമാണ്.
പുതിയതായി നിര്‍മ്മിച്ച റോഡിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, അമരാവതി മുതല്‍ അകോല വരെയുള്ള ഭാഗം ഒരു പ്രധാന കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയാണെന്ന് വ്യക്തമാക്കി. കൊല്‍ക്കത്ത, റായ്പൂര്‍, നാഗ്പൂര്‍, അകോല, ധുലെ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ഇത് ബന്ധിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ ധാതുസമ്പുഷ്ടമായ ഒരു പ്രദേശത്തിലൂടെയാണ് ഇത് കടന്നുപോകുന്നത്. അമരാവതി മുതല്‍ അകോല വരെയുള്ള ഈ പാതയില്‍ ഏകദേശം 35 ശതമാനം ജോലികളും അകോല മുതല്‍ ചിക്ലി വരെയുള്ള ഭാഗങ്ങളില്‍ ഏകദേശം 65 ശതമാനവും പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
2019 ഫെബ്രുവരി 27 ന് ഖത്തറിലെ അഷ്ഗലിലെ പൊതുമരാമത്ത് അതോറിറ്റി നിര്‍മിച്ച 27.25 കിലോമീറ്റര്‍ റോഡിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. അല്‍ ഖോര്‍ എക്‌സ്പ്രസ് വേയുടെ ഭാഗമായിരുന്ന ഈ റോഡ് പത്ത് ദിവസമെടുത്താണ് പൂര്‍ത്തീകരിച്ചത്.