Kerala
തുണിക്കട നടത്തിപ്പിന്റെ മറവില്‍ 75 ലക്ഷം രൂപ വെട്ടിച്ചു; കൈക്കൂലിക്കേസില്‍ പിടിയിലായ ആര്‍ടിഒക്കെതിരെ പുതിയ പരാതി
അല്‍ അമീന്റെ കടയില്‍ നിന്നായിരുന്നു ആര്‍ടിഒയുടെ കടയിലേക്കുള്ള തുണിത്തരങ്ങള്‍ നല്‍കിയിരുന്നത്.

കൊച്ചി | സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനായി മദ്യവും പണവും കൈക്കൂലി വാങ്ങിയതിന് വിജിലന്‍സിന്റെ പിടിയിലായ എറണാകുളം ആര്‍ടിഒ ടിഎം ജേഴ്‌സനെതിരെ പരാതിയുമായി ബിസിനസ് പങ്കാളി. തുണിക്കട നടത്തിപ്പിന്റെ മറവില്‍ 75 ലക്ഷം രൂപ വെട്ടിച്ചെന്നാണ് പരാതി. ആര്‍ടിഒ ജേഴ്‌സന്റെ ബിസിനസ് പങ്കാളി ഇടപ്പള്ളി സ്വദേശി അല്‍ അമീന്‍ ആണ് പരാതിക്കാരന്‍
പോലീസിനും വിജിലന്‍സിനുമാണ് അല്‍ അമീന്‍ പരാതി നല്‍കിയത്.ഇടപ്പള്ളിയില്‍ അല്‍ അമീനും മാതാവും ചേര്‍ന്ന് നടത്തിയിരുന്ന തുണിക്കടയിലെ സ്ഥിരം സന്ദര്‍ശകരായിരുന്ന ആര്‍ടിഒ തുണിക്കടയുടെ ബിസിനസ് സാധ്യത മനസ്സിലാക്കിയതോടെ 2022ല്‍ ഭാര്യയുടെ പേരില്‍ മാര്‍ക്കറ്റ് റോഡില്‍ പുതിയ ഒരു തുണിക്കട തുടങ്ങി. അല്‍ അമീന്റെ കടയില്‍ നിന്നായിരുന്നു ആര്‍ടിഒയുടെ കടയിലേക്കുള്ള തുണിത്തരങ്ങള്‍ നല്‍കിയിരുന്നത്. ഇത്തരത്തില്‍ 75 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ കൊടുത്തു.കച്ചവടമുണ്ടാകുന്നതനുസരിച്ച് പണം തിരികെതരാം എന്നായിരുന്നു ധാരണ. എന്നാല്‍ ബിസിനസ് പച്ചപിടിച്ചതോടെ ആര്‍ടിഒയുടെ സ്വഭാവം മാറുകയും പണം ചോദിച്ചെത്തിയ അല്‍ അമീനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്ന് 19 വയസ് മാത്രമായിരുന്നു അല്‍ അമീന്റെ പ്രായം. കടയുടെ ജി എസ് ടി രജിസ്‌ട്രേഷന്‍ അക്കൗണ്ട് എല്ലാം ഇരുകൂട്ടരുടെയും പേരിലായിരുന്നു.വീട്ടില്‍ വന്നാല്‍ നായയെ അഴിച്ചു വിടുമെന്നും തന്നെയും ഉമ്മയും കള്ളക്കേസില്‍ കൊടുക്കും എന്നും ആര്‍ടിഒ ഭീഷണിപ്പെടുത്തിയതായും അല്‍അമീന്‍ പരാതിയില്‍ പറയുന്നു.
ജേഴ്‌സന്റെ അധികാരം ബന്ധങ്ങള്‍ ഭയന്നാണ് പരാതി കൊടുക്കുന്നതില്‍ നിന്നും ഇതുവര മടിച്ചു നിന്നത്. ഇപ്പോള്‍ ജേഴ്‌സന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായതോടെയാണ് പരാതിയുമായി മുന്നോട്ടു വന്നത്.അറസ്റ്റിലായ ജേഴ്‌സനെ ഗതാഗത വകുപ്പ് കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ വിജിലന്‍സ് കസ്റ്റഡിയിലാണിയാള്‍