National
സ്വകാര്യ മേഖലയിൽ 75 ശതമാനം പ്രാദേശിക സംവരണം; ഹരിയാന സർക്കാറിന്റെ നിയമം ഹൈക്കോടതി റദ്ദാക്കി
നിയമം ഭരണഘടനാപരമല്ലെന്ന് കോടതി

ചണ്ഡീഗഢ് | ഹരിയാനയിൽ സ്വകാര്യമേഖലയിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് 75 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന നിയമം പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി. നിയമം ചോദ്യം ചെയ്ത് വ്യവസായ ഉടമകൾ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ജി എസ് സാന്ധവാലിയയും ജസ്റ്റിസ് ഹർപ്രീത് കൗർ ജീവനും നിയമം റദ്ദാക്കിയത്. നിയമം ഭരണഘടനാപരമല്ലെന്ന് കോടതി നിരീക്ഷിച്ചു.
2022 നവംബറിലാണ് ഹരിയാന സർക്കാർ നിയമം പാസ്സാക്കിയത്. 2021 മാർച്ചിൽ ഗവർണർ ഈ ബില്ലിൽ ഒപ്പുവച്ചു. സ്വകാര്യ കമ്പനികൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, പങ്കാളിത്ത സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജോലികളിൽ ഹരിയാനയിലെ യുവാക്കൾക്ക് 75% സംവരണം നൽകാൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു നിയമം.
ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം ശേഷിക്കെ, പ്രാദേശിക സമുദായങ്ങളുടെ വോട്ട് ഏകീകരിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന നിയമം റദ്ദാക്കിയത് മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് വൻ തിരിച്ചടിയാകും. ജാട്ട് സമുദായം ഉൾപ്പെടെ വിഭാഗങ്ങളെ പ്രീണിപ്പിക്കുക ലക്ഷ്യമിട്ടാണ് സർക്കാർ ഇത്തരമൊരു നിയമം കൊണ്ടുവന്നത്.
വിധിക്കെതിരെ സംസ്ഥാനം അപ്പീൽ നൽകിയേക്കും.