Connect with us

asadi ka amruth mahotsav

75ൻ്റെ പൊലിമയിൽ ഭാരതം; സ്വാതന്ത്ര്യദിനാഘോഷം കെങ്കേമമാകും

പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30ന് ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക.

Published

|

Last Updated

ന്യൂഡൽഹി | സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിൽ ത്രിവർണം ചൂടി രാജ്യം. ത്രിവർണ പതാക വാനിലുയർത്തി ആരവങ്ങളോടെയാണ് എഴുപത്തിയാറാം സ്വാതന്ത്ര്യദിന പുലരിയെ രാജ്യം വരവേൽക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം മുതൽ തന്നെ പതാക ഉയർന്നിരുന്നു. നഗരങ്ങളും പ്രധാന കെട്ടിടങ്ങളും അലങ്കാരങ്ങളാൽ നിറഞ്ഞു. ഡൽഹിയിലെ ഔദ്യോഗിക ആഘോഷ പരിപാടികൾ ഇന്ന് ചെങ്കോട്ടയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30ന് ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക.

പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൗഡ് ആർട്ടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗൺ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസ പ്രകടനം നടക്കും. വൻ സുരക്ഷയാണ് ചെങ്കോട്ടയിലും പരിസരത്തും ഒരുക്കിയത്. പതിനായിരത്തിലധികം പോലീസുകാരെയാണ് ചെങ്കോട്ട പരിസരത്ത് വിന്യസിച്ചത്. ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്.

കൊവിഡ് മുന്നണി പോരാളികളും മോർച്ചറി ജീവനക്കാരും വഴിയോര കച്ചവടക്കാരും ഉൾപ്പെടെ 7,000 അതിഥികൾക്കാണ് ചടങ്ങിൽ പ്രവേശനം. വിവിധ സംസ്ഥാനങ്ങളിലെ എൻ സി സി കേഡറ്റുമാരും യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി ഇരുപതിലധികം വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കും.

---- facebook comment plugin here -----

Latest