Connect with us

Uae

ദുബൈ റോഡുകൾ നിരീക്ഷിക്കാൻ 7,700 ക്യാമറകൾ

ബിഗ് ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ വെള്ളക്കെട്ട് നിറയുന്ന 150 സൈറ്റുകൾ തിരിച്ചറിയാനായി.

Published

|

Last Updated

ദുബൈ | ദുബൈ നഗരത്തിന്റെ 40 ശതമാനം കവർ ചെയ്യുന്ന 7,700 നിരീക്ഷണ ക്യാമറകളുടെ ശൃംഖല ഉൾപ്പെടുന്ന വിപുലമായ ഇൻഫ്രാസ്ട്രക്ചർ ദുബൈയിലുണ്ടെന്ന് അധികൃതർ. ആർ ടി എ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് വിഭാഗത്തിന്റെ ഏകീകൃത കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ എൻജിനീയർ ഹമദ് അൽ അഫീഫി ഇത് സംബന്ധമായി വിശദാംശങ്ങൾ വ്യക്തമാക്കി. തത്സമയ നിരീക്ഷണം സാധ്യമാക്കി ഗതാഗതക്കുരുക്ക് കുറക്കാനും അസ്ഥിര കാലാവസ്ഥയിൽ മഴവെള്ളം കുമിഞ്ഞുകൂടുന്ന പ്രദേശങ്ങൾ വേഗത്തിൽ തിരിച്ചറിയാനും ബിഗ് ഡാറ്റ വിശകലനം ചെയ്യുന്നുണ്ട്.

ദുബൈയിൽ നടക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അൽ അഫീഫി.ബിഗ് ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ വെള്ളക്കെട്ട് നിറയുന്ന 150 സൈറ്റുകൾ തിരിച്ചറിയാനായി. ഇത് അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്നതിലേക്ക് നയിച്ചു.

ഗതാഗതക്കുരുക്കുകൾ നിരീക്ഷിക്കുന്നതിലും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അവ കൈകാര്യം ചെയ്യുന്നതിലും കേന്ദ്രം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. പമ്പുകൾ, വെള്ളം വലിച്ചെടുക്കുന്ന വാഹനങ്ങൾ, ദ്രുതഗതിയിലുള്ള ഇടപെടൽ വാഹനങ്ങൾ എന്നിവയുൾപ്പെടെ 150ലധികം ഉപകരണങ്ങളാണ് കേന്ദ്രത്തിന്റെ കീഴിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ദുബൈ പോലീസ്, ദുബൈ മുനിസിപ്പാലിറ്റി, മുഹമ്മദ് ബിൻ റാശിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ്തുടങ്ങിയ തന്ത്രപ്രധാന പങ്കാളികളുമായുള്ള സഹകരണത്തോടെ 2023 ഒക്ടോബറിൽ ഏകീകൃത ഓപറേഷൻ റൂം പ്രവർത്തനക്ഷമമാക്കി. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, പ്രതീക്ഷിക്കുന്ന കാലാവസ്ഥക്ക് 24 മണിക്കൂർ മുമ്പ് ഫീൽഡ് ടീമുകളെ സജീവമാക്കും. നിർണായക സ്ഥാനങ്ങൾ കണ്ടെത്തി സജീവമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.