child abuse
ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവം: ചിതാ ഭസ്മവുമായി സ്‌കൂളിലേക്ക് നാട്ടുകാരുടെ മാര്‍ച്ച്; എസ് എഫ് ഐ മാര്‍ച്ചില്‍ സംഘര്‍ഷം
ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായി കുടുംബം
കലവൂര്‍ | ആലപ്പുഴ കലവൂരില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധം. കുട്ടിയുടെ ചിതാ ഭസ്മവുമായി നാട്ടുകാര്‍ സ്‌കൂളിലേക്ക് മാര്‍ച്ചു നടത്തി. എസ് എഫ് ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ഥികള്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചു.
കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന 13 വയസുകാരന്‍ പ്രജിത് കഴിഞ്ഞ വ്യാഴാഴ്ചയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ വിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണു കുടുംബം പറയുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.
കഴിഞ്ഞ വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസില്‍ കണ്ടില്ല. തുടര്‍ന്ന് സ്‌കൂള്‍ മൈക്കില്‍ അനൗണ്‍സ്‌മെന്റ് നടത്തി. ഉടന്‍ കുട്ടികള്‍ തിരിച്ചെത്തുകയും ചെയ്തു. വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പ്രജിത് പറഞ്ഞെങ്കിലും അധ്യാപകര്‍ വിശ്വസിച്ചില്ല.
കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരല്‍ കൊണ്ട്പല തവണ തല്ലുകയും ചെയ്തുവെന്നു ബന്ധുക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തൊട്ടു പിറകെ രേഷ്മ,ഡോളി എന്നീ അധ്യാപകര്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ശാസിക്കുകയും കുട്ടികളെ അപമാനിക്കുകയും ചെയ്തുവെന്നും പ്രജിത്തിന്റെ അച്ഛന്‍ മനോജ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)