National
യുപിയില്‍ കോള്‍ഡ് സ്റ്റോറേജ് മേല്‍ക്കൂര തകര്‍ന്ന് 8 മരണം; 11 പേരെ രക്ഷപ്പെടുത്തി
കെട്ടിടത്തിന്റെ ഉടമയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
സംഭാല്‍| യുപിയിലെ സംഭാലിലെ ചന്ദൗസി മേഖലയില്‍ ഉരുളക്കിഴങ്ങ് ശീതീകരണ സംഭരണിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് എട്ട് പേര്‍ മരിച്ചു. 11 പേരെ രക്ഷപ്പെടുത്തി.ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
സംഭവത്തില്‍ എട്ട് പേര്‍ മരിച്ചതായി മൊറാദാബാദ് ഡിഐജി ശലഭ് മാത്തൂര്‍ പറഞ്ഞു. ആകെ എട്ട് പേര്‍ മരിക്കുകയും 11 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. കുറച്ച് പേരെ കാണാതായിട്ടുണ്ട്. അവര്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെട്ടിടത്തിന്റെ ഉടമയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് സൂപ്രണ്ട് (എസ്പി) ചക്രേഷ് മിശ്ര പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതികള്‍ ഒളിവിലാണ് അവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതിന് ശേഷമേ കെട്ടിടത്തിന്റെ തകര്‍ച്ചയുടെ യഥാര്‍ത്ഥ കാരണം പറയാന്‍ കഴിയൂവെന്നും എസ്പി പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. നേരത്തെ തന്നെ ഗോഡൗണ്‍ ശോച്യാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.