Connect with us

Health

ഹൃദയാഘാതങ്ങളില്‍ 80 ശതമാനവും പ്രതിരോധിക്കാന്‍ പറ്റുന്നവ

ഹൃദയാഘാതവും മറ്റു ഹേൃദ്രാഗങ്ങളും കാരണം ആഗോളതലത്തില്‍ ഏതാണ്ട് രണ്ടു കോടി മരണങ്ങള്‍ വര്‍ഷത്തില്‍ സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന 70 ശതമാനത്തിലധികം പേരിലും അത് വരാതെ നോക്കാന്‍ സാധിക്കുമായിരുന്നുവെന്നതാണ് വാസ്തവം.

Published

|

Last Updated

തീര്‍ത്തും അപ്രതീക്ഷിതമായി നമ്മുടെ ജീവന്‍ കവരുന്ന നിശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. ഹേൃദ്രാഗങ്ങളില്‍ തന്നെ ഏറ്റവും മാരകമായ ഹൃദയാഘാതത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അശ്രദ്ധയുമാണ് പല ജീവനുകളും പൊലിയാനുള്ള കാരണം. ചെറുപ്രായത്തില്‍ തന്നെ വരുന്ന ഹൃദയാഘാതങ്ങളില്‍ 80 ശതമാനവും പ്രതിരോധിക്കാന്‍ പറ്റുന്നവയാണ്. ഹൃദയാഘാതവും മറ്റു ഹേൃദ്രാഗങ്ങളും കാരണം ആഗോളതലത്തില്‍ ഏതാണ്ട് രണ്ടു കോടി മരണങ്ങള്‍ വര്‍ഷത്തില്‍ സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന 70 ശതമാനത്തിലധികം പേരിലും അത് വരാതെ നോക്കാന്‍ സാധിക്കുമായിരുന്നുവെന്നതാണ് വാസ്തവം.

ഹൃദയാഘാതം മെഡിക്കല്‍ ഭാഷയില്‍ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ എന്നറിയപ്പെടുന്നു.  ഹൃദയപേശികളിലേക്ക് രകതമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊഴുപ്പും കാല്‍സ്യവും അടിഞ്ഞുകൂടി ഹൃദയത്തിന്റെ രകതക്കുഴലുകള്‍ പൂര്‍ണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലക്കുകയും ഇത് മൂലം പേശികളുടെ പ്രവര്‍ത്തനം നിലച്ച് അവ നശിച്ചുപോവുകയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതമുണ്ടാവുന്ന സമയത്ത് ആളുകള്‍ക്ക് സാധാരണ നെഞ്ചില്‍ ഭാരം എടുത്തുവച്ച പോലെയുള്ള അസ്വസ്ഥതയായിട്ടാണ് അനുഭവപ്പെടുക.

നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന അസ്വസ്ഥത പോലെയുള്ള വേദന ഇടതുകൈയിലേക്ക് പടരുന്നതാണ്. ചിലര്‍ക്ക് ഇരുകൈകളിലേക്കും മറ്റുചിലര്‍ക്ക് കഴുത്തിലേക്കും നീങ്ങാം. ഈ അസ്വസ്ഥത ഓരോ ആളിലും ഓരോ വിധത്തിലായിരിക്കും. ഇത് നെഞ്ചെരിച്ചില്‍ , പുകച്ചില്‍, വരിഞ്ഞുമുറുകുന്ന രീതിയിലും അനുഭവപ്പെടും. ഇത് കൂടാതെ ശര്‍ദ്ദി, ക്ഷീണം, തലചുറ്റല്‍, അമിതമായി ശരീരം വിയര്‍ക്കുക എന്നിവയും അനുഭവപ്പെടാം. നെഞ്ചിടിപ്പും ശ്വാസം മുട്ടലും അനുഭവപ്പെട്ടെന്നും വരാം.

പ്രത്യേകിച്ച് രാത്രിയിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നത്. പഠനങ്ങള്‍ അനുസരിച്ച് ഹൃദയത്തിന്റെ രകതക്കുഴലുകളില്‍ 18 വയസ്സ് കഴിയുമ്പോള്‍ തന്നെ കൊഴുപ്പ് അടിഞ്ഞ് തുടങ്ങുന്നു. ഇങ്ങനെ കൊഴുപ്പ് അടിഞ്ഞു തുടങ്ങുന്നതിനെ കൊറോണറി അതെറോസ്‌ക്ലീറോസിസ് എന്നാണ് പറയുന്നത്. ഹൃദയാഘാതത്തിന് നിരവധി അപായഘടകങ്ങള്‍ ഉണ്ട്: മാറ്റിയെടുക്കാന്‍ പറ്റുന്നതും മാറ്റിയെടുക്കാന്‍ പറ്റാത്തതുമായതും. പുകവലി, മാനസിക സമ്മര്‍ദ്ദം പ്രമേഹം, രക്താതിമര്‍ദ്ദം, ഉയര്‍ന്ന കൊളെസ്ട്രോൾ, വ്യായാമക്കുറവ്, അമിതഭാരം എന്നീ മാറ്റിയെടുക്കാന്‍ പറ്റുന്ന അപായഘടകങ്ങള്‍ പരിഹരിച്ചാല്‍ തന്നെ ഒരു പരിധി വരെ നമുക്ക് ഹൃദയാഘാതത്തില്‍ നിന്നും രക്ഷനേടാവുന്നതാണ്.

ഹൃദയാഘാതം മുന്‍കൂട്ടി പറയുക ബുദ്ധിമുട്ടായതിനാല്‍ പ്രത്യേക ടെസ്റ്റുകളായ ഇ.സി.ജി, ട്രെഡ്മില്‍ ടെസ്റ്റ്, കൊറോണറി ആന്‍ജിയോഗ്രാം, എന്നിവ നടത്തുന്നതിലൂടെ ഹൃദയാഘാതത്തിനുള്ള സാധ്യത തിരിച്ചറിയാനും തക്കതായ ചികിത്സ കൃത്യസമയത്ത് തുടങ്ങാനും സാധിക്കും. കൂടാതെ കൃത്യമായ വ്യായാമത്തിലൂടെയും ജീവിതശൈലീ നിയന്ത്രണത്തിലൂടെയും ഇത് വരാതെ നോക്കേണ്ടതാണ്. നാല്‍പത് വയസ്സ് കഴിഞ്ഞാല്‍ വ്യായാമം ശീലമാക്കേണ്ടതാണ്. പ്രായത്തിനനുസരിച്ചുള്ള വ്യായാമമാണ് തിരഞ്ഞെടുക്കേണ്ടത്.

പാരമ്പര്യമായി ഹൃദയരോഗങ്ങളുണ്ടെങ്കില്‍ പതിവായി പരിശോധനകള്‍ നടത്തേണ്ടതാണ്. ഹൃദയാഘാതത്തിന്റെ ഒരു പ്രധാന ഘടകം ജനിതകമാണ്. അതിനാല്‍ അപായഘടകങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കും, ആരോഗ്യപരമായി നല്ല ശീലം പുലര്‍ത്തുന്നവര്‍ക്കും ഒരു വേള ഹൃദായാഘാതം വരാം. പഠനങ്ങളുടെ വെളിച്ചത്തില്‍, ഹൃദയാഘാതം വരുന്നവരില്‍ 60-70 ശതമാനം പേരിലും അപായ സൂചനയെന്നോണം ചെറിയ നെഞ്ചുവേദന ഉണ്ടാവാറുണ്ട്. അവയെ അവഗണിയ്ക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. 30 വയസ്സിനു മുകളിലുള്ളവര്‍ നെഞ്ചിന്റെ മദ്ധ്യഭാഗത്ത് പതിവില്ലാത്ത വേദന അനുഭവപ്പെട്ടാല്‍, സ്വയം ഗ്യാസ് എന്നു കരുതാതെ നല്ല ആശുപത്രിയില്‍ സമയം കളയാതെ പോകേണ്ടതാണ്. സംശയിച്ചു നില്‍ക്കുന്നത് ഹൃദയാഘാതത്തിനും ജീവഹാനിയ്ക്കുവരെയും കാരണമായേയ്ക്കാം.

തയ്യാറാക്കിയത്: റാശിദ് പൂമാടം

സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്, അഹല്യ ഹോസ്പിറ്റല്‍, അബുദബി ഹംദാന്‍ സ്ട്രീറ്റ്