Connect with us

Kerala

വയോധികയുടെ സൂക്ഷിക്കാന്‍ എല്‍പ്പിച്ച 80 പവന്‍ സ്വര്‍ണം തിരികെ കൊടുത്തില്ല; സഹോദരിക്കും മകള്‍ക്കുമെതിരെ കേസ്

വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തന്‍വീട്ടില്‍ സാറാമ്മ മത്തായി, മകള്‍ സിബി മത്തായി എന്നിവര്‍ക്കെതിരെയാണ് കേസ്.

Published

|

Last Updated

പത്തനംതിട്ട | സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച വയോധികയുടെ 80 പവന്‍ സ്വര്‍ണം തിരികെ കൊടുക്കാത്ത സംഭവത്തില്‍ സഹോദരിക്കും മകള്‍ക്കുമെതിരെ കേസെടുത്ത് പോലീസ്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് വാഴമുട്ടം എടത്തറ പുത്തന്‍വീട്ടില്‍ റോസമ്മ ദേവസ്യ (73)യുടെ മൊഴി പ്രകാരം വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തന്‍വീട്ടില്‍ സാറാമ്മ മത്തായി, മകള്‍ സിബി മത്തായി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്.

റോസമ്മ, ദുബൈയില്‍ ജോലി ചെയ്യുന്ന ഏക മകളുടെ അടുത്തേക്ക് പോയപ്പോള്‍ വീട്ടിലിരുന്ന 80 പവന്റെ സ്വര്‍ണാഭരണങ്ങള്‍, തിരികെ വരുമ്പോള്‍ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് സഹോദരി സാറാമ്മ മത്തായിയെ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 21നായിരുന്നു സംഭവം. റോസമ്മയുടെ മകളുടെയും മരുമകന്റെയും കൊച്ചുമകന്റെയുമാണ് ആഭരണങ്ങള്‍. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഈ വര്‍ഷം ജനുവരി 20 ന് ആഭരണങ്ങള്‍ തിരികെ ചോദിച്ചപ്പോള്‍ മകള്‍ സിബി കൊണ്ടുപോയി എന്നായിരുന്നു സാറാമ്മയുടെ മറുപടി. പലതവണ ആവശ്യപ്പെട്ടിട്ടും സ്വര്‍ണം തിരികെ ലഭിക്കാതെ വന്നപ്പോള്‍ റോസമ്മ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍, സിബി എട്ടു പവന്‍ സ്വര്‍ണം തിരിച്ചുകൊടുത്തു. ബാക്കിയുള്ള 72 പവന്‍ വരുന്ന വിവിധ സ്വര്‍ണാഭരണങ്ങള്‍ റോസമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും കുമ്പഴയിലെ ഒരു ഷെഡ്യൂള്‍ഡ് ബേങ്കിലും പണയം വച്ചതായി സിബി വ്യക്തമാക്കി. സിബിയുടെയും മകന്റെയും പേരിലാണ് സ്വര്‍ണം പണയം വച്ചിരിക്കുന്നത്. റോസമ്മയുടെ ഭര്‍ത്താവ് 27 വര്‍ഷം മുമ്പ് മരണപ്പെട്ടു. മകള്‍ കുടുംബവുമായി വിദേശത്താണുള്ളത്. പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ വി അരുണ്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ. ബി കൃഷ്ണകുമാറാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

 

Latest