Kozhikode
8000 വിദ്യാർത്ഥികൾ, 16 ദാഇറകൾ: ജാമിഅത്തുൽ ഹിന്ദ് ദാഇറ മഹ്റജാനുകൾക്ക് തുടക്കമായി
കോഴിക്കോട് അൽ ഖമർ ക്യാമ്പസിൽ നടന്ന കൊടുവള്ളി ദാഇറയുടെ മത്സരങ്ങളോട് കൂടിയാണ് ദാഇറ മത്സരങ്ങൾക്ക് തുടക്കമായത്.
കോഴിക്കോട് | ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ കീഴിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ വൈജ്ഞാനിക- കലാ-സാഹിത്യ ശേഷികൾ വർദ്ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന ദാഇറ മഹ്റജാനുകൾക്ക് തുടക്കമായി. കോഴിക്കോട് അൽ ഖമർ ക്യാമ്പസിൽ നടന്ന കൊടുവള്ളി ദാഇറയുടെ മത്സരങ്ങളോട് കൂടിയാണ് ദാഇറ മത്സരങ്ങൾക്ക് തുടക്കമായത്.
ഡിസംബർ 22ന് എടവണ്ണപ്പാറ, താമരശ്ശേരി, കുറ്റ്യാടി, കർണാടക, മലപ്പുറം ദാഇറകളിലും ഡിസംബർ 24ന് കോട്ടക്കൽ, പാലക്കാട് ദാഇറയിലും 25ന് മഞ്ചേരി, കണ്ണൂര്, കൊല്ലം ദാഇറകളിലും മഹ്റജാനുകൾ നടക്കും. കാസർകോട്, തിരൂരങ്ങാടി ദാഇറകളിലെ മത്സരങ്ങൾ ഡിസംബർ 26നും കൽപ്പറ്റ 31നുമാണ് നടക്കുന്നത്. ജനുവരി 1, 2 തീയതികളിൽ യഥാക്രമം തൃശ്ശൂര്, കോഴിക്കോട് ദാഇറകളുടെ മത്സരങ്ങൾ നടക്കും.
കേരളത്തിനകത്തും പുറത്തുമുള്ള 200ലധികം കോളേജുകളിൽ നിന്നും കുല്ലിയ്യ മഹ്‌റജാൻ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികളാണ് ദാഇറ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മൊത്തം 16 ദാഇറകളിലായി 8000ത്തിലധികം വിദ്യാർത്ഥികൾ 61 മത്സരയിനങ്ങളിലായാണ് മത്സരിക്കുക. ദാഇറ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾ ജനുവരി 11,12 തീയതികളിൽ കൊളത്തൂർ ഇർഷാദിയ ക്യാമ്പസിൽ വച്ച് നടക്കുന്ന ജാമിഅതല മത്സരങ്ങളിൽ മാറ്റുരക്കും.