Connect with us

Kerala

വയനാട് ദുരന്ത മേഖലയിൽ നിന്നും നീക്കിയത് 81.64 ടൺ ഖരമാലിന്യവും 106.35 കിലോ ലിറ്റർ ദ്രവ മാലിന്യവും

ഖരമാലിന്യത്തിൽ 10.6 ടൺ ജൈവമാലിന്യവും, 49.47 ടൺ അജൈവ മാലിന്യവും, 0.3 ടൺ സാനിറ്ററി മാലിന്യവും, 2.64 ടൺ ബയോമെഡിക്കൽ മാലിന്യവും, 18.63 ടൺ തുണി മാലിന്യവും ഉൾപ്പെടുന്നു.

Published

|

Last Updated

കൽപ്പറ്റ | വയനാട് ദുരന്ത മേഖലയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുമായി ഇതുവരെ നീക്കിയത് 81.64 ടൺ ഖരമാലിന്യവും  106.35 കിലോ ലിറ്റർ ദ്രവ മാലിന്യവും. ദുരന്തം നടന്ന ദിവസം മുതൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി വരെയുള്ള കണക്കാണിത്. ഖരമാലിന്യത്തിൽ 10.6 ടൺ ജൈവമാലിന്യവും, 49.47 ടൺ അജൈവ മാലിന്യവും, 0.3 ടൺ സാനിറ്ററി മാലിന്യവും, 2.64 ടൺ ബയോമെഡിക്കൽ മാലിന്യവും, 18.63 ടൺ തുണി മാലിന്യവും ഉൾപ്പെടുന്നു.

ഉരുൾപൊട്ടൽ പ്രദേശത്തെയും ക്യാമ്പുകളിലെയും മാലിന്യ പ്രശ്നങ്ങൾ ഫലപ്രദമായും കാര്യക്ഷമമായും പരിഹരിച്ച് മാലിന്യ സംസ്കരണത്തിൽ മികച്ച ഇടപെടൽ നടത്തുവാൻ സാധിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

രക്ഷാപ്രവർത്തനത്തിലെന്ന പോലെ ദുരന്തഭൂമിയിലെ മാലിന്യസംസ്കരണത്തിലും കേരളം പുതിയ മാതൃക സൃഷ്ടിച്ചു. ഹരിതകർമ്മസേനാംഗങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരുമടക്കം 2850ഓളം പേർ ശുചീകരണപ്രവർത്തനത്തിൽ ഇതുവരെ പങ്കാളികളായിട്ടുണ്ട്. ശുചിത്വ മിഷന്റെയും ക്ലീൻ കേരളാ കമ്പനിയുടെയും നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമായി നിർവഹിക്കാൻ സാധിച്ചത്.

ജൈവ-അജൈവ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനങ്ങൾ, ശുചിമുറി മാലിന്യത്തിന്‍റെ ശാസ്ത്രീയമായ സംസ്കരണം, സാനിറ്ററി, ബയോ മെഡിക്കൽ മാലിന്യങ്ങളുടെ പരിപാലനം, ഹരിത ചട്ട പാലനം എന്നിവയ്ക്കായി ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും ക്ലീൻ കേരള കമ്പനിയുടെയും 150 ഓളം വരുന്ന സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ ക്ലീൻ ഡ്രൈവുകള്‍ ദുരന്ത മേഖലയിലും അനുബന്ധ പ്രദേശങ്ങളിലും സംഘടിപ്പിച്ചു വരുന്നു.

ദുരന്തമേഖലയിലെയും ക്യാമ്പുകളിലെയും മാലിന്യപ്രശ്നത്തെ സമയോജിതവും ഫലപ്രദവുമായ ഇടപെടലുകളിലൂടെ പരിഹരിക്കാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശുചിത്വമിഷനെയും ക്ലീൻ കേരളാ കമ്പനിയെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ഹരിതകർമ്മസേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും ഈ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കാണ് വഹിച്ചത്. ഉരുൾ പൊട്ടൽ സംഭവിച്ച പ്രദേശത്തെ മാലിന്യം നീക്കം ചെയ്യുവാനായി ഫീൽഡ് വിസിറ്റ് ചെയ്ത് വിവര ശേഖരണം നടന്നു വരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ ശുചീകരണ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest