Connect with us

Kerala

ബിവറേജസ് ഔട്ട്‌ലറ്റില്‍ 81 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; ക്ലാര്‍ക്കിനെതിരെ കൂടല്‍ പോലീസ് കേസെടുത്തു

ഔട്ട്‌ലെറ്റില്‍ നിന്നും കഴിഞ്ഞ കുറെ മാസങ്ങളായി ലഭിക്കുന്ന ദിവസ വരുമാനത്തില്‍ വലിയതോതില്‍ സാമ്പത്തിക തിരിമറി കണ്ടെത്തിയതിനേ തുടര്‍ന്നാണ് ബെവ്കോ ജില്ലാ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം കൂടലിലെ സ്ഥാപന മാനേജര്‍ പോലീസില്‍ പരാതി നല്‍കിയത്.

Published

|

Last Updated

പത്തനംതിട്ട |  കൂടല്‍ ബിവറേജസ് ഔട്ട്‌ലറ്റില്‍ 81 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ക്ലാര്‍ക്കിനെതിരെ കൂടല്‍ പോലീസ് കേസെടുത്തു. എല്‍ ഡി ക്ലാര്‍ക്ക് ആനയടി സ്വദേശി അര്‍ജുനനെതിരേയാണ് (24) കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ഥാപനത്തില്‍ നിന്ന് ബാങ്കിലേക്ക് അടയ്ക്കാന്‍ കൊണ്ടുപോകുന്ന പണം പലപ്രാവശ്യമായി തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. കൂടല്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും കഴിഞ്ഞ കുറെ മാസങ്ങളായി ലഭിക്കുന്ന ദിവസ വരുമാനത്തില്‍ വലിയതോതില്‍ സാമ്പത്തിക തിരിമറി കണ്ടെത്തിയതിനേ തുടര്‍ന്നാണ് ബെവ്കോ ജില്ലാ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം കൂടലിലെ സ്ഥാപന മാനേജര്‍ പോലീസില്‍ പരാതി നല്‍കിയത്.

വില്പന നടന്ന മദ്യക്കുപ്പികളുടെ കണക്കിലും ബേങ്കില്‍ അടച്ച തുക സംബന്ധിച്ചും വലിയ വ്യത്യാസമാണ് കണ്ടെത്തിയത്. വലിയ തോതില്‍ വരുമാനം ലഭിക്കുന്ന ഔട്ട് ലറ്റ് ആണ് കൂടലിലേത്. നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ട ക്ലാര്‍ക്കായിരുന്നു എല്ലാ തവണയും ഔട്ട്‌ലറ്റില്‍ നിന്നുള്ള വരുമാനം ബേങ്കില്‍ അടച്ചു വന്നിരുന്നത്. എസ്ബിഐ യുടെ കലഞ്ഞൂര്‍ ശാഖയിലാണ് ഇയാള്‍ പണം അടച്ചിരുന്നത്. ഈ പണം അടക്കുന്നതിന് മുമ്പായി ഇയാള്‍ പണം അപഹരിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ കൂടല്‍ പോലീസ് പ്രാഥമികാന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. പ്രത്യേക സംഘം രൂപീകരിച്ച് തുടരന്വേഷണം നടത്താനാണ് തീരുമാനം.