Kerala
86.12 കോടിയുടെ ബിനാമി വായ്പാ തട്ടിപ്പ്: മൈലപ്ര സര്‍വീസ് സഹകരണ ബേങ്കില്‍ ക്രൈം ബ്രാഞ്ച് പരിശോധന
രേഖകള്‍ വിലയിരുത്തിയതിനു ശേഷം കൂടുതല്‍ പേരെ കേസില്‍ പ്രതികളാക്കുന്നതിനുള്ള സാധ്യതയാണ് ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്.
പത്തനംതിട്ട | 86.12 കോടിയുടെ ബിനാമി വായ്പാ തട്ടിപ്പ് നടന്നുവെന്ന് സഹകരണ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ മൈലപ്ര സര്‍വീസ് സഹകരണ ബേങ്കില്‍ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പരിശോധന. ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഏറ്റെടുത്ത് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചതിനു ശേഷമാണ് അടൂര്‍ യൂണിറ്റ് ഡി വൈ എസ് പി. എം എ അബ്ദുല്‍റഹിമും സംഘവും ബുധനാഴ്ച പരിശോധനക്കെത്തിയത്.
രേഖകള്‍ വിലയിരുത്തിയതിനു ശേഷം കൂടുതല്‍ പേരെ കേസില്‍ പ്രതികളാക്കുന്നതിനുള്ള സാധ്യതയാണ് ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്. നിലവില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു, മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ എന്നിവരെയാണ് ലോക്കല്‍ പൊലീസ് പ്രതി ചേര്‍ത്തിരുന്നത്. 89 ബിനാമി വായ്പകളിലായിട്ടാണ് 86.12 കോടി രൂപയുടെ നഷ്ടം ബേങ്കിന് വന്നു ചേര്‍ന്നിരിക്കുന്നത്. ഒരു പ്രമാണം ഈടാക്കി വച്ച് 10 പേര്‍ക്ക് വരെയാണ് വായ്പ നല്‍കിയിരിക്കുന്നത്. ഒരാള്‍ക്ക് ചുരുങ്ങിയത് 25 ലക്ഷം വരെ നല്‍കും. ആരും വായ്പ തിരിച്ചടക്കില്ല. കാലാവധി എത്തുമ്പോള്‍ മുതലും പലിശയുമടക്കം ചേര്‍ത്ത് ആ തുക പുതുക്കി വെക്കുകയാണ് ചെയ്യുന്നത്.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായി ചുരുങ്ങിയത് അഞ്ചുപേര്‍ വീതമുണ്ട്. ഇവരില്‍ ചിലര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പണം തിരിച്ചടയ്ക്കാന്‍ നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്. വായ്പ എടുത്തിട്ടുള്ളവരും മുന്‍ പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും കേസില്‍ പ്രതികളാകും. ജീവനക്കാരും പ്രതികളാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
നിരവധി ഘട്ടങ്ങിലൂടെയാണ് ഒരു വായ്പ അനുവദിക്കുന്നത്. ഇതിന് അനുവാദം നല്‍കുന്നത് ഭരണ സമിതിയംഗങ്ങളാണ്. ചട്ടം മറി കടന്ന് വായ്പ അനുവദിച്ചത് ഓഡിറ്റിലൂടെ കണ്ടെത്താതിരുന്നതും കണ്ടെത്തിയപ്പോള്‍ നടപടിയെടുക്കാത്തതും കുറ്റകൃത്യമായി കണക്കാക്കും. അങ്ങനെ വരുമ്പോള്‍ അതിന് കാരണക്കാരായവരൊക്കെ തന്നെ പ്രതി ചേര്‍ക്കപ്പെടുമെന്നാണ് ക്രൈം ബ്രാഞ്ച് നല്‍കുന്ന സൂചന.
ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെയായിട്ട് 16 മാസം
ക്രമക്കേട് പുറത്തു വന്നതും സാമ്പത്തിക പ്രതിസന്ധിയും കാരണം മൈലപ്ര സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെയായിട്ട് 16 മാസം. നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലാണ് ജീവനക്കാരുടെ പ്രതീക്ഷ. ബേങ്കിന്റെ പ്രതിസന്ധി മറികടക്കാന്‍ വിപുലമായ മാര്‍ഗങ്ങളാണ് കമ്മിറ്റി മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുടിശ്ശികയുള്ള വായ്പകള്‍ തിരിച്ചടപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ്. നിരവധി പേര്‍ വായ്പ തിരിച്ചടയ്ക്കാന്‍ തയാറായിട്ടുണ്ട്. ഇങ്ങനെ കിട്ടുന്ന പണം അത്യാവശ്യക്കാരുടെ നിക്ഷേപം തിരിച്ചു നല്‍കുന്നതിന് ഉപയോഗിക്കുമെന്നാണ് സൂചന.
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട എ ക്ലാസ് സഹകരണ സംഘമായിരുന്നു മൈലപ്രയിലേത്. അതനുസരിച്ചുള്ള ശമ്പളവും ആനുകൂല്യവുമാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍ പറ്റിയവര്‍ക്കും നല്‍കിയിരുന്നത്. ബേങ്ക് സി ക്ലാസിലേക്ക് താഴ്ന്നിട്ടും ആ വിവരം മറച്ചുവച്ച് എ ക്ലാസിനുള്ള ശമ്പളവും ആനുകൂല്യവും ജീവനക്കാര്‍ക്ക് നല്‍കിപ്പോരുകയായിരുന്നു. സഹകരണ വകുപ്പ് ഈ തട്ടിപ്പ് കണ്ടുപിടച്ചതോടെ ശമ്പളവും ആനുകൂല്യവും സി ക്ലാസിനുള്ളതാക്കി മാറ്റി. അതുവരെ എ ക്ലാസില്‍ നല്‍കിയ ശമ്പളം തിരിച്ചുപിടിക്കാനും നീക്കമുണ്ട്.
89 ബിനാമി വായ്പകളിലായി 86.12 കോടിയാണ് ബേങ്കിന് നഷ്ടം വന്നിരിക്കുന്നത്. ബാങ്കിലേക്ക് നിക്ഷേപം കുമിഞ്ഞുകൂടിയ അവസരത്തിലാണ് ബിനാമി വായ്പകള്‍ നല്‍കിയിരിക്കുന്നത്. അതിന് പുറമേ കോട്ടയം ജില്ലയിലെ മൂന്നു പ്രാഥമിക സഹകരണ സംഘങ്ങളില്‍ കോടികളുടെ നിക്ഷേപവും നടത്തി. ഈ സംഘങ്ങളൊക്കെ പില്‍ക്കാലത്ത് പൂട്ടിപ്പോയി. ഇവിടെ നിന്ന് പലിശ സഹിതം മൈലപ്ര ബേങ്കിന് കിട്ടാനുള്ളത് കോടികളാണ്. ബേങ്കിന്റെ അതിര്‍ത്തി ലംഘിച്ച് നിരവധി പേര്‍ക്ക് ബിനാമി വായ്പകള്‍ നല്‍കി. ചതുപ്പു നിലങ്ങള്‍ക്ക് പോലും ലക്ഷങ്ങളാണ് വായ്പ കൊടുത്തത്. പ്രതിസന്ധി മുറുകിയതോടെ ബേങ്കിന്റെ രണ്ടുശാഖകളും അടച്ചു പൂട്ടി.