National
തെലങ്കാനയിൽ 86 മാവോയിസ്റ്റുകൾ പോലീസിൽ കീഴടങ്ങി
ഈ വർഷം ഇതുവരെ കീഴടങ്ങിയത് 224 മാവോയിസ്റ്റുകൾ

ഹൈദരാബാദ് | തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡം ജില്ലയിൽ അയൽ സംസ്ഥാനമായ ഛത്തീസ്‌ഗഢിൽ നിന്നുള്ള നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയിലെ 86 അംഗങ്ങൾ പോലീസിൽ കീഴടങ്ങി. നാല് ഏരിയ കമ്മിറ്റി അംഗങ്ങൾ (എസിഎം) ഉൾപ്പെടെ 86 മാവോയിസ്റ്റുകളാണ് നക്സലിസത്തിൻ്റെ പാത ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം സമാധാന ജീവിതം നയിക്കാൻ ആഗ്രഹിച്ച് കീഴടങ്ങിയത്. ഐജി എസ്. ചന്ദ്രശേഖർ റെഡ്ഡിയുടെ മുമ്പാകെയാണ് ഇവർ കീഴടങ്ങിയതെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഓരോ ഏരിയ കമ്മിറ്റി അംഗത്തിനും (എസിഎം) നാല് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി ഭദ്രാദ്രി കൊത്തഗുഡം പോലീസ് സൂപ്രണ്ട് ബി. രോഹിത് രാജു പറഞ്ഞു. മുൻ വിമതർക്ക് നൽകുന്ന ക്ഷേമനടപടികളെക്കുറിച്ചും പോലീസിൻ്റെ ‘ഓപ്പറേഷൻ ചെയുത’ പരിപാടിയുടെ കീഴിൽ ആദിവാസി സമൂഹത്തിനായുള്ള വികസന, ക്ഷേമ സംരംഭങ്ങളെക്കുറിച്ചും അറിഞ്ഞതിന് ശേഷമാണ് മാവോയിസ്റ്റുകൾ കീഴടങ്ങുന്നത്.
ഈ വർഷം ഇതുവരെ വിവിധ കേഡർമാരിലുള്ള 224 മാവോയിസ്റ്റുകൾ പോലീസിന് കീഴടങ്ങിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
കീഴടങ്ങാനും സാധാരണ ജീവിതം നയിക്കാനും ആഗ്രഹിക്കുന്ന മാവോയിസ്റ്റുകൾ അവരുടെ കുടുംബാംഗങ്ങൾ വഴിയോ നേരിട്ടോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ജില്ലാ അധികാരികളിലോ ബന്ധപ്പെടണമെന്ന് തെലങ്കാന പോലീസ് അഭ്യർത്ഥിച്ചു.