Connect with us

Kerala

പള്ളിയില്‍ പ്രാര്‍ഥനക്ക് എത്തിയ എട്ടാം ക്ലാസുകാരിക്ക് നേരേ ലൈംഗികാതിക്രമം; കപ്യാര്‍ അറസ്റ്റില്‍

പ്രാര്‍ഥനക്ക് കൂട്ടുകാര്‍ക്കൊപ്പം എത്തിയപ്പോഴാണ്, പള്ളിയിലെ കപ്യാരായ വർഗീസില്‍ നിന്നും ലൈംഗിക അതിക്രമം നേരിട്ടത്.

Published

|

Last Updated

പത്തനംതിട്ട | എട്ടാം ക്ലാസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പള്ളി കപ്യാര്‍ അറസ്റ്റില്‍. ഇടയാറന്മുള മാലക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വള്ളിക്കാലായില്‍ വര്‍ഗീസ് തോമസ് (63) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള പള്ളിയില്‍ പ്രാര്‍ഥനക്ക് കൂട്ടുകാര്‍ക്കൊപ്പം എത്തിയപ്പോഴാണ്, പള്ളിയിലെ കപ്യാരായ വർഗീസില്‍ നിന്നും ലൈംഗിക അതിക്രമം നേരിട്ടത്.

ഈ മാസം മൂന്നിന് രാവിലെ 9.20ന് പള്ളിക്കുള്ളില്‍ വെച്ചായിരുന്നു ലൈംഗികാതിക്രമം. കൂട്ടുകാരായ വിദ്യാര്‍ഥിനികള്‍ക്കൊപ്പം ബെഞ്ചില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി കയറിപ്പിടിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍, വൈദ്യപരിശോധന നടത്തിക്കുകയും പത്തനംതിട്ട ജെ എഫ് എം കോടതി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പിന്നീട്, പ്രതിയെ സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. രാത്രി അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള നടപടി പോലീസ് സ്വീകരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് ജില്ലാ പോലീസ് മേധാവി വി അജിത് നിര്‍ദേശം നല്‍കി.

Latest