Connect with us

Kerala

എട്ടാം ക്ലാസുകാരിയുടെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഭീഷണിപ്പെടുത്തി കൈക്കലാക്കി; യുവാവ് അറസ്റ്റില്‍

യുവാവിന്റെ ശല്യം സഹിക്കവയ്യാതെ വീട്ടുകാര്‍ കോയിപ്രം പോലീസിനെ സമീപിക്കുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം കുട്ടിയുടെ നനഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.

കൊല്ലം ചണ്ണപ്പേട്ട സ്വദേശി സ്റ്റെബിന്‍ ഷിബു (22)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവ് നിലവില്‍ മംഗലാപുരത്ത് എം എസ് സി വിദ്യാര്‍ഥിയാണ്. പെണ്‍കുട്ടിയെ 2023 മേയില്‍ പ്രതി പരിചയപ്പെടുകയും, തുടര്‍ന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു. സൗഹൃദം ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് സ്‌നാപ്പ് ചാറ്റ് എന്നിവയിലൂടെ തുടര്‍ന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിച്ചു കൊള്ളാം എന്ന് പറഞ്ഞായിരുന്നു യുവാവ് പെണ്‍കുട്ടിയുമായി സൗഹൃദം തുടര്‍ന്നത്.

തന്റെ ഫോണില്‍ നിന്നും കുട്ടി ഉപയോഗിക്കുന്ന അമ്മയുടെ പേരിലുള്ള ഫോണിലേക്ക് വാട്‌സാപ്പിലൂടെ പ്രതിയുടെ നഗ്‌ന ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു. പിന്നീട് 2024 സെപ്റ്റംബര്‍ 28 വരെയുള്ള കാലയളവില്‍ കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ നിര്‍ബന്ധിപ്പിച്ച് ഇന്‍സ്റ്റഗ്രാം വഴി കൈക്കലാക്കുകയും ചെയ്തു. പലതവണ പല രീതികളില്‍ കുട്ടിയെ നിര്‍ബന്ധിച്ചാണ് ഇയാള്‍ ഇവ കൈക്കലാക്കിയത്. യുവാവിന്റെ നിരന്തരമായ നിര്‍ബന്ധത്താല്‍ ഇത്തരം ചിത്രങ്ങള്‍ അയച്ചുകൊടുത്ത കുട്ടി, ഇക്കാര്യത്തില്‍ മനോവിഷമത്താല്‍ കരയുന്നതുകണ്ട് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് വിവരങ്ങള്‍ ബോധ്യപ്പെട്ടത്. അപ്പോഴേക്കും കുട്ടി തന്റെ ഫോണില്‍ നിന്നും ഇത്തരം ഫോട്ടോകളും ദൃശ്യങ്ങളും ഒഴിവാക്കിയിരുന്നു.

യുവാവിന്റെ ശല്യം സഹിക്കവയ്യാതെ വീട്ടുകാര്‍ കോയിപ്രം പോലീസിനെ സമീപിക്കുകയായിരുന്നു. മാതാവിന്റെ സാന്നിധ്യത്തില്‍ കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest