International
റഷ്യയിൽ കെട്ടിടങ്ങൾക്ക് നേരെ 9/11 മോഡൽ ആക്രമണം; നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടം
ഉക്രെയ്നാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
മോസ്കോ | റഷ്യയിലെ കസാൻ നഗരത്തിൽ 9/11 മോഡൽ ആക്രമണം. എട്ട് ആളില്ലാ വിമാനങ്ങൾ (യുഎവി) കെട്ടിടങ്ങൾക്ക് നേരെ ആക്രമണം നടത്തി. കമലീവ് അവന്യൂ, ക്ലാര സെറ്റ്കിൻ സ്ട്രീറ്റ്, യുകോസിൻസ്കായ സ്ട്രീറ്റ്, ഹാദി തക്താഷ് സ്ട്രീറ്റ്, ക്രാസ്നയ പൊസിസിയ സ്ട്രീറ്റ്, ഒറെൻബർഗ്സ്കി ട്രാക്റ്റ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ കെട്ടിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് പറയുന്നു. ഉക്രെയ്നാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച് ആളപായമില്ല. എങ്കിലും, ആക്രമണത്തെ തുടർന്ന് തീ ആളിപ്പടരുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വ്യാവസായിക സംരംഭങ്ങളിലെ എല്ലാ തൊഴിലാളികളെയും ഒഴിപ്പിക്കുകയും താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റുകയും ചെയ്തു. കസാൻ വിമാനത്താവളം താൽക്കാലികമായി അടച്ചു. ചില സ്കൂളുകളും അടച്ചു.
റഷ്യയിലെ അഞ്ചാമത്തെ വലിയ നഗരമാണ് കസാൻ. റഷ്യൻ, ടാർട്ടർ സംസ്കാരങ്ങളുടെ കേന്ദ്രമായതിനാൽ കസാൻ സാംസ്കാരിക വൈവിധ്യത്തിനും പേരുകേട്ടതാണ്.