Connect with us

From the print

രാജ്യത്ത് ഭക്ഷ്യവിലക്കയറ്റത്തിൽ 9.24% വർധന

പണപ്പെരുപ്പം ഉയർന്ന നിലയിൽ • രൂപയുടെ മൂല്യമിടിവും റെക്കോർഡിൽ

Published

|

Last Updated

തിരുവനന്തപുരം | പണപ്പെരുപ്പം ക്ഷമതാ പരിധിക്ക് താഴെ നിർത്താൻ റിസർവ് ബേങ്കിന് സാധിച്ചെങ്കിലും പിടിച്ചുനിർത്താനാകാതെ ഭക്ഷ്യ വിലക്കയറ്റം വെല്ലുവിളിയാകുന്നു. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് സെപ്തംബറിൽ 5.49 ശതമാനമാണ്. കഴിഞ്ഞ ഒമ്പത് മാസത്തെ ഉയർന്ന തോതാണിത്. ആഗസ്റ്റിൽ ഇത് 3.65 ശതമാനമായിരുന്നു. രാജ്യത്തെ ഉപഭോക്തൃ വിലസൂചിക കണക്കാക്കുന്നതിന് പരിഗണിക്കുന്ന വസ്തുക്കളിൽ ഭക്ഷ്യ വിഭാഗത്തിന്റെ വിഹിതം 46 ശതമാനമാണ്. നാഷനൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഡാറ്റ അനുസരിച്ച് ഭക്ഷ്യോത്പന്നങ്ങളുടെ വില വർധന 9.24 ശതമാനമാണ്. ആഗസ്റ്റിൽ ഇത് 5.66 ശതമാനമായിരുന്നു.
ഗ്രാമങ്ങളിൽ പിടിമുറുക്കി വിലക്കയറ്റം
നഗര പ്രദേശങ്ങളിലേക്കാൾ ഗ്രാമങ്ങളിലാണ് വിലക്കയറ്റം കൂടുതൽ അനുഭവപ്പെടുന്നത്. ഗ്രാമങ്ങളിലെ വിലക്കയറ്റത്തോത് 5.87 ശതമാനമാണ്. മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 1.84 ശതമാനമായും ഉയർന്നു. മുൻ മാസം ഇത് 1.31 ശതമാനമായിരുന്നു.
പച്ചക്കറി വിലയിൽ വർധന 36%
ഭക്ഷ്യോത്പന്നങ്ങളുടെ മൊത്തവിലക്കയറ്റത്തോത് 3.26 ശതമാനത്തിൽ നിന്ന് 9.47 ശതമാനമായും കുതിച്ചുയർന്നു. പച്ചക്കറിവിലക്കയറ്റമാണ് കണക്കുകളിൽ പ്രതിഫലിച്ചത്. പച്ചക്കറി വിലയിൽ 36 ശതമാനമാണ് വർധന. പച്ചക്കറി വില ഉയരുന്നത് മൊത്തത്തിലുള്ള ഭക്ഷ്യ സൂചികയെ കാര്യമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ ഭക്ഷ്യ പണപ്പെരുപ്പം 2012 മുതൽ 2024 വരെ ശരാശരി 6.11 ശതമാനമായിരുന്നു. 2013 നവംബറിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 14.72 ശതമാനത്തിലെത്തി. 2018 ഡിസംബറിൽ റെക്കോർഡ് താഴ്ച രേഖപ്പെടുത്തി 2.65 ശതമാനത്തിലെത്തിയിരുന്നുവെന്ന് പദ്ധതി നടപ്പാക്കൽ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. പണപ്പെരുപ്പം ഒമ്പത് മാസത്തെ ഉയർന്ന നിലയിലാണ്. ഇതിനിടെ, ഇന്ത്യൻ ഫോറെക്‌സ് റിസർവ് റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്ക് പോയി. ഉയർന്ന നിലയിൽ അവസാനിച്ച സെൻസെക്‌സ് ഇപ്പോഴും പ്രതിവാര നഷ്ടം രേഖപ്പെടുത്തുന്നുണ്ട്.
ഇന്ത്യൻ വ്യാപാരക്കമ്മി നിലവിൽ പ്രതീക്ഷകൾക്ക് താഴെയാണ്. രൂപയുടെ മൂല്യമിടിവ് ഉയർന്ന റെക്കോർഡിലാണ്. കഴിഞ്ഞ മാസം മാത്രം ഇന്ത്യൻ കാർ വിൽപ്പനയിൽ 0.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ട് വർഷത്തിനിടെ രാജ്യത്തെ വ്യാവസായിക ഉത്പാദനവും കുറയുന്നതായാണ് രേഖകൾ കാണിക്കുന്നത്.
ഇസ്‌റാഈൽ- ഇറാൻ സംഘർഷം ഉയർത്തുന്ന ഭൗമരാഷ്ട്രീയ പ്രതിസന്ധി രാജ്യത്തിന് തിരിച്ചടിയായേക്കാവുന്ന മറ്റൊരു ഘടകമാണ്. യുദ്ധം വ്യാപിച്ചാൽ അസംസ്‌കൃത എണ്ണവില ഉയരുമെന്നതിനാൽ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് ഇത് ചെറിയ പ്രതിസന്ധിയായിരിക്കില്ല സൃഷ്ടിക്കുക. ഇതുവഴി ക്രൂഡ് വിലക്കൊപ്പം പണപ്പെരുപ്പവും സമാന്തരമായി ഉയരും.
അതേസമയം, സമ്പദ്‌വ്യവസ്ഥയുടെ വളർച്ച അതിന്റെ കഴിവിനേക്കാൾ താഴെയാണെന്നതും യഥാർഥ പലിശ നിരക്കിനേക്കാൾ നിലവിലേത് കൂടുതലാണെന്നതും പ്രതികൂല ഘടകങ്ങളാണ്. ഇക്കാര്യം പണനയ സമിതി അംഗങ്ങൾ നേരത്തേ പലതവണ ചൂണ്ടിക്കാണിച്ചതാണ്.
വിലക്കയറ്റത്തോത് ഉയർന്നേക്കാമെന്ന അനുമാനത്തിലാണ് റിസർവ് ബേങ്ക് കഴിഞ്ഞ പണനയ അവലോകന യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കാതിരുന്നത്. ചില്ലറ വിലക്കയറ്റത്തോത് നാല് ശതമാനത്തിൽ താഴെയെത്തിക്കുകയെന്നതാണ് റിസർവ് ബേങ്കിന്റെ ലക്ഷ്യം. എന്നാൽ, രണ്ട് മാസത്തെയും പണപ്പെരുപ്പ ശരാശരി ആർ ബി ഐയുടെ പ്രതീക്ഷക്കൊപ്പം നിന്നാൽ മാത്രമേ ഡിസംബറിൽ 0.25 ശതമാനമെങ്കിലും നിരക്ക് കുറയ്ക്കൽ പ്രതീക്ഷിക്കാനാകൂ.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest