International
9 മാസത്തെ ബഹിരാകാശ വാസം; സുനിത വില്യംസിന് നാസ നൽകുന്ന പണമെത്രയെന്ന് അറിയാം
പുതിയ സംഘം എത്തിയതോടെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് ഉള്‍പ്പെടെയുള്ള ക്രൂ സംഘം ഈമാസം 19ന് ഭൂമിയിലേക്കു മടങ്ങും.

ന്യൂഡല്‍ഹി| എട്ട് ദിവസത്തെ ബഹിരാകാശ യാത്രക്ക് പുറപ്പെട്ട് അപ്രതീക്ഷിതമായി സംഭവിച്ച സാങ്കേതിക തകരാര്‍ മൂലം കഴിഞ്ഞ ഒമ്പത് മാസത്തിലേറയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ (ഐഎസ്എസ്) സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും മാര്‍ച്ച് 19ന് ഭൂമിയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു.ഇതിനിടെ ഏറെ ചര്‍ച്ചയാവുന്നത് ബഹിരാകാശത്ത് ദീര്‍ഘനേരം താമസിച്ചതിന് അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള തുകയെ കുറിച്ചാണ്.
നാസയില്‍ നിന്ന് വിരമിച്ച ബഹിരാകാശയാത്രിക കാഡി കോള്‍മാന്റെ അഭിപ്രായത്തില്‍, ബഹിരാകാശ യാത്രികര്‍ക്കായി പ്രത്യേക ഓവര്‍ടൈം ശമ്പളമെന്നൊന്നില്ല. ഫെഡറല്‍ ജീവനക്കാരായതിനാല്‍ തന്നെ ബഹിരാകാശത്ത് അവര്‍ ചിലവിടുന്ന സമയവും ഭൂമിയില്‍ ഏതൊരു ജോലി ആവശ്യത്തിനായി യാത്രചെയ്യുന്നപോലെ തന്നെയാണ് കണക്കാക്കുന്നത്.അതേസമയം അവര്‍ക്ക് സ്ഥിരമായി ശമ്പളം ലഭിക്കുകയും അവരുടെ ഐഎസ്എസിലെ ഭക്ഷണ, ജീവിതച്ചെലവുകള്‍ നാസ വഹിക്കുകയുമാണ് ചെയ്യുന്നത്. ഇതിനപ്പുറം അവര്‍ക്ക് ലഭിക്കുന്ന ഏക ആനുകൂല്യമെന്നത് ദൈനംദിന സ്‌റ്റൈപ്പന്റ് മാത്രമാണ്.അത് പ്രതിദിനം വെറും 4 ഡോളര്‍ (347 രൂപ) മാത്രമാണെന്ന് മിസ് കോള്‍മാന്‍ വ്യക്തമാക്കി.
കോള്‍മാന് 2010 -11 ലെ 159 ദിവസത്തെ ദൗത്യത്തിന് അധിക വേതനമായി ഏകദേശം 636 ഡോളര്‍ (55,000 രൂപയില്‍ കൂടുതല്‍) ലഭിച്ചതായാണ് വ്യക്തമാക്കുന്നത്. ഇതേ പ്രകാരം നോക്കുകയാണെങ്കില്‍ 287 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചതിന് സുനിതാവില്യംസിനും വില്‍മോറിനും അധിക നഷ്ടപരിഹാരമായി 1,148 ഡോളര്‍ (ഏകദേശം ഒരു ലക്ഷം രൂപ) മാത്രമേ ലഭിക്കൂകയുള്ളു. ഐഎസ്എസില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ബഹിരാകാശയാത്രികര്‍ സാങ്കേതികമായി കുടുങ്ങിപ്പോയിട്ടില്ലെന്നാണ് നാസയുടെ വാദം.
നാസയിലെ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ജനറല്‍ ഷെഡ്യൂള്‍ (ജിഎസ്) സമ്പ്രദായത്തിന് കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും ഉയര്‍ന്ന ശമ്പള നിലവാരമായ ജിഎസ്-15 ശമ്പള ഗ്രേഡിന് കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജിഎസ്-15 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക അടിസ്ഥാന ശമ്പളം 125,133 മുതല്‍ 162,672 വരെ (ഏകദേശം 1.08 കോടി രൂപ – 1.41 കോടി രൂപ) ലഭിക്കും.ഐഎസ്എസില്‍ നീണ്ട 9 മാസം ചിലവഴിച്ചതിന് സുനിത വില്യംസിനും വില്‍മോറിനും 93,850 മുതല്‍ 122,004 ഡോളര്‍ (ഏകദേശം 81 ലക്ഷം രൂപ – 1.05 കോടി രൂപ) വരെ ആനുപാതികമായ ശമ്പളം ലഭിക്കും.
സുനിതയും ബുച്ച് വില്‍മോറും ജൂണ്‍ 5നാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകത്തിലായിരുന്നു യാത്ര.തുടര്‍ന്ന് ഒമ്പത് മാസത്തോളം ഇവര്‍ ബഹിരാകാശനിലയത്തില്‍ കുടുങ്ങുകയായിരുന്നു. ബോയിങ് കമ്പനിയുടെ സ്റ്റാര്‍ ലൈനര്‍ പേടകത്തിന്റെ പരീക്ഷണ പറക്കലിലാണ് ഇരുവരും നിലയത്തിലേക്ക് പോയത്. 8 ദിവസം ദൈര്‍ഘ്യമുള്ള ഈ പരീക്ഷണ ദൗത്യം സ്റ്റാര്‍ ലൈനര്‍ പേടകത്തിന്റെ ഉപയോഗക്ഷമത പരീക്ഷിക്കാനുള്ളതായിരുന്നു.
സ്പേസ് എക്സ് ക്രൂ 10 നാലംഗ സംഘം ബഹിരാകാശ നിലയത്തില്‍ ഇന്നെത്തി. ഡോക്കിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 10.30 ഓടെയാണ് ആനി മക്ലിന്‍, നിക്കോളാസ് അയേഴ്‌സ്, തക്കുയ ഒനിഷി, കിറില്‍ പെസ്‌കോവ് എന്നിവര്‍ ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. പ്രതീക്ഷിച്ചതിലും മൂന്ന് മിനിട്ടുകള്‍ക്ക് മുമ്പായി ഇന്ത്യന്‍ സമയം രാവിലെ 9.34 നാണ് ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍ ഘടിപ്പിച്ചത്.ബഹിരാകാശ നിലയത്തില്‍ നിന്ന് ക്രൂ-9 പേടകം വേര്‍പെടുന്നതും പേടകം ഫ്ളോറിഡക്കടുത്ത് അത്ലാന്റിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറക്കുന്ന സമയവും സംബന്ധിച്ച വിവരങ്ങള്‍ നാസ ഇന്ന് പുറത്തുവിടും.