National
9 സംസ്ഥാനങ്ങളില്‍ 9 പ്രസ് മീറ്റുകള്‍: മോദിക്കുള്ള പ്രതിപക്ഷത്തിന്റെ കത്തിന് ബിജെപിയുടെ മറുപടി
ഡല്‍ഹി, പഞ്ചാബ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ബംഗാള്‍, കേരളം തുടങ്ങി മോദിക്ക് കത്തെഴുതിയ പ്രതിപക്ഷ നേതാക്കളുടെ സ്വന്തം സംസ്ഥാനങ്ങളിലാണ് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി| അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ അയച്ച കത്തില്‍ പ്രതിഷേധിച്ച് ബിജെപി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നു. ഒമ്പത് സംസ്ഥാനങ്ങളിലാണ് ബിജെപി വാര്‍ത്താ സമ്മേളന പരമ്പര നടത്തുന്നത്.
ഡല്‍ഹി, പഞ്ചാബ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ബംഗാള്‍, കേരളം തുടങ്ങി ഞായറാഴ്ച പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയ പ്രതിപക്ഷ നേതാക്കളുടെ സ്വന്തം സംസ്ഥാനങ്ങളിലാണ് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. കത്തില്‍ ഒപ്പിട്ടവരെ അന്വേഷണം ഭയക്കുന്ന അഴിമതിക്കാരായ നേതാക്കളായി ചിത്രീകരിക്കുകയാണ് ബിജെപിയുടെ തന്ത്രമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഡല്‍ഹി എംപി മനോജ് തിവാരിയാണ് ആദ്യ വാര്‍ത്താസമ്മേളനം ഡല്‍ഹിയില്‍ നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ സുവേന്ദു അധികാരി (ബംഗാള്‍), സഞ്ജയ് ജയ്സ്വാള്‍ (ബീഹാര്‍), ബ്രിജേഷ് പഥക് (ഉത്തര്‍പ്രദേശ്), സഞ്ജയ് ബന്ദി (തെലങ്കാന) തുടങ്ങിയ നേതാക്കളെ ബി.ജെ.പി നിയമിച്ചു.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് മനീഷ് സിസോദിയ അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചത്. എന്നാല്‍ മുഖ്യമന്ത്രിമാരായ കെ ചന്ദ്രശേഖര്‍ റാവു, മമത ബാനര്‍ജി, ഭഗവന്ത് മാന്‍, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ഒപ്പിട്ട കത്തില്‍ കോണ്‍ഗ്രസ്സ് ഉണ്ടായിരുന്നില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റയ്ക്ക് മോദിക്ക് കത്തെഴുതി.