Uae
വാടക വർധിപ്പിക്കാൻ 90 ദിവസത്തെ നോട്ടീസ് നൽകണം
ഈ വർഷം ആദ്യം ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ്ആരംഭിച്ച പുതിയ സ്മാർട്ട് റെന്റൽ ഇൻഡക്‌സ് പ്രകാരമാണിത്.

ദുബൈ| വാടക വർധിപ്പിക്കാൻ ദുബൈയിലെ കെട്ടിട ഉടമകൾ വാടക കരാറുകളുടെ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം മുമ്പ് വാടകക്കാരെ അറിയിക്കണം. ഈ വർഷം ആദ്യം ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ്ആരംഭിച്ച പുതിയ സ്മാർട്ട് റെന്റൽ ഇൻഡക്‌സ് പ്രകാരമാണിത്. വിപണിയിൽ സുതാര്യത കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ സൂചിക. പുതുക്കൽ തീയതി രണ്ട് പോയിന്റുകളുടെ അടിസ്ഥാനത്തിൽ നിർണയിക്കുമെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ‌് ഇന്നലെ വിശദീകരിച്ചു.
ഒന്നാമതായി, 2025ന് മുമ്പ് കരാർ പുതുക്കിയിട്ടുണ്ടെങ്കിൽ മുമ്പത്തെ സൂചിക ബാധകമാകും. രണ്ടാമതായി, 2025-ൽ കരാർ പുതുക്കിയാൽ പുതിയ സൂചിക നടപ്പിലാക്കും.വാടക വർധനവ് നിർണയിക്കുന്നതിനും യഥാർഥ വാടക മൂല്യങ്ങളുമായും വിപണി പ്രവണതകളുമായും അവയെ യോജിപ്പിക്കുന്നതിനും വ്യക്തവും നിലവാരമുള്ളതുമായ മാനദണ്ഡങ്ങൾ സൂചിക സ്ഥാപിക്കുന്നുവെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റിലെ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ സെക്ടർ സി ഇ ഒ മജീദ് അൽ മർറി പറഞ്ഞു.
പണപ്പെരുപ്പം കുറക്കൽ
കെട്ടിടത്തിലെ വാടക കരാർ മൂല്യങ്ങൾ, പ്രദേശത്തെ ശരാശരി വാടക മൂല്യങ്ങൾ, കെട്ടിട വർഗീകരണം എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ വാടക മൂല്യം കണക്കാക്കുന്നത്. പ്രധാന ജില്ലകൾ, പ്രത്യേക വികസന മേഖലകൾ, ഫ്രീ സോണുകൾ എന്നിവയുൾപ്പെടെ എല്ലാ റെസിഡൻഷ്യൽ ഏരിയകളെയും ഉൾക്കൊള്ളുന്നതിനായി കൃത്യവും നിലവാരമുള്ളതുമായ വാടക വില വിലയിരുത്തലുകൾ നൽകുന്നതിന് കൃത്രിമബുദ്ധി ഉപയോഗിച്ചുകൊണ്ടാണ് സൂചിക പ്രവർത്തിക്കുന്നത്.
സ്മാർട്ട് റെന്റ്ഇൻഡക്‌സ് പണപ്പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കുകയും വിശ്വസനീയമായ ഡാറ്റയെ അടിസ്ഥാനമാക്കി അറിവുള്ള നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ പങ്കാളികളെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്നും അൽ മർറി വ്യക്തമാക്കി.