National
രണ്ട് സ്‌കൂള്‍ കുട്ടികളുടെ ബേങ്ക് അക്കൗണ്ടില്‍ 900 കോടി രൂപ; അന്വേഷണം ആരംഭിച്ചു
സ്‌കൂള്‍ യൂണിഫോമിനായി സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിച്ച തുകയെക്കുറിച്ച് പരിശോധിക്കാനാണ് വിദ്യാര്‍ഥികള്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ പ്രാദേശിക കേന്ദ്രീകൃത പ്രീസെസിംഗ് സെന്ററില്‍ എത്തിയത്.
പാട്‌ന| ബീഹാറിലെ രണ്ട് സ്‌കൂള്‍ കുട്ടികളുടെ ബേങ്ക് അക്കൗണ്ടില്‍ 900 കോടി രൂപ ക്രെഡിറ്റായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബീഹാറിലെ യുവാവിന്റെ അക്കൗണ്ടിലേക്ക് ബേങ്കിന്റെ പിഴവ് കാരണം 5.5 ലക്ഷം രൂപ ക്രെഡിറ്റായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
ഗുരുചന്ദ്ര വിശ്വാസ്, അസിത് കുമാര്‍ എന്നിവരുടെ അക്കൗണ്ടുകളിലായാണ് 900 കോടിയിലേറെ രൂപ ക്രെഡിറ്റായത്. രണ്ട് ആണ്‍കുട്ടികളും കതിഹാര്‍ ജില്ലയിലെ ബഗൗര പഞ്ചായത്തിലെ പസ്തിയ ഗ്രാമവാസികളാണ്.
സ്‌കൂള്‍ യൂണിഫോമിനായി സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിച്ച തുകയെക്കുറിച്ച് പരിശോധിക്കാനാണ് വിദ്യാര്‍ഥികള്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ പ്രാദേശിക കേന്ദ്രീകൃത പ്രീസെസിംഗ് സെന്ററില്‍ എത്തിയത്. എന്നാല്‍ അക്കൗണ്ട് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയി. രണ്ടുപേരുടെയും അക്കൗണ്ടുകളിലായി ഏകദേശം 900 കോടിയിലേറെയാണ് ബാലന്‍സ് കാണിച്ചിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ബ്രാഞ്ച് മാനേജര്‍ മനോജ് ഗുപ്ത പ്രശ്‌നം അറിഞ്ഞ് ആശ്ചര്യപ്പെടുകയും പണം പിന്‍വലിക്കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും വിവരം ബേങ്ക് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മനോജ് ഗുപ്ത പറഞ്ഞു.