From the print
ഗസ്സയിൽ 48 മണിക്കൂറിനിടെ 92 മരണം
ഇന്നലെ മാത്രം 52 പേരാണ് കൊല്ലപ്പെട്ടത്

ഗസ്സ | കഴിഞ്ഞ 48 മണിക്കൂറിൽ ഗസ്സയിൽ ഇസ്‌റാഈൽ നടത്തിയ ആക്രമണങ്ങളിൽ 92 പേർ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം 52 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ബൈത്ത് ഹനൂനിൽ ഇസ്‌റാഈൽ സൈന്യം ഫലസ്തീനികളെ നേരിട്ട് വെടിവെച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഖാൻയൂനുസിന് പടിഞ്ഞാറ് ഭാഗത്ത് അൽ മവാസിയിൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകിയ പ്രദേശത്തും ആക്രമണമുണ്ടായി.
കുടിയിറക്കപ്പെട്ടവരുടെ ടെന്റുകൾക്ക് നേർക്കുണ്ടായ ഹെലികോപ്റ്റർ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.
ഗസ്സ നഗരത്തിന് സമീപം തുഫ്ഫയിലും ശുജയ്യയിലും ഡ്രോൺ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ശുജയ്യയിലെ ഹസനൈൻ സ്ട്രീറ്റിൽ മൂന്ന് പേരും തുഫ്ഫയിലെ യാഫ സ്ട്രീറ്റിൽ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. മധ്യ ഗസ്സയിലെ ദാർ അൽ ബലാഹിലും വടക്കൻ ഗസ്സയിലെ ബൈത്ത് ഹനൂനിലും ഓരോരുത്തർ കൊല്ലപ്പെട്ടു.