Saudi Arabia
94-ാമത് സഊദി ദേശീയ ദിനം; ആഘോഷം വര്‍ണാഭമാക്കാന്‍ നാടും നഗരവും ഒരുങ്ങി
രാജ്യത്തിന്റെ പ്രധാന വീഥികളെല്ലാം ദേശീയ പതാക കൊണ്ടുള്ള തോരണങ്ങളാലും വാണിജ്യ വ്യവസായ സ്ഥാപനങ്ങളും വീടുകളും കെട്ടിടങ്ങളും വിവിധ നിറത്തിലുള്ള ബള്‍ബുകളാലും അലങ്കരിച്ചിട്ടുണ്ട്.
റിയാദ് | 94-ാമത് സഊദി ദേശീയ ദിനം ആഘോഷിക്കുന്നതിനായി നാടും നഗരവും ഒരുങ്ങി. രാജ്യമെങ്ങും ഗംഭീരമായ ഒരുക്കങ്ങളും, ആഘോഷങ്ങളുമാണ് നടക്കുന്നത്. രാജ്യത്തിന്റെ പ്രധാന വീഥികളെല്ലാം ദേശീയ പതാക കൊണ്ടുള്ള തോരണങ്ങളാലും വാണിജ്യ വ്യവസായ സ്ഥാപനങ്ങളും വീടുകളും കെട്ടിടങ്ങളും വിവിധ നിറത്തിലുള്ള ബള്‍ബുകളാലും അലങ്കരിച്ചിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിറവില്‍ വിവിധ ആഘോഷ പരിപാടികള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ തുടക്കം കുറിച്ചിരുന്നു.
1932 സെപ്തംബര്‍ 23 ന് അബ്ദുല്‍ അസീസ് ബിന്‍ സഊദി രാജാവിന്റെ നേതൃത്വത്തില്‍ സഊദി രാജ്യം രൂപവത്കരിക്കുകയും ആദ്യത്തെ രാജാവായി അദ്ദേഹം ചുമതലയേല്‍ക്കുകയും ചെയ്തതിന്റെ അനുസ്മരണാര്‍ഥമാണ് സഊദി അറേബ്യ ദേശീയ ദിനം ആഘോഷിക്കുന്നത്.
റോയല്‍ സഊദി എയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, അല്‍ ഖോബാര്‍, ഖഫ്ജി, ജുബൈല്‍, ദമാം, അല്‍-അഹ്‌സ, അസീര്‍, ജിസാന്‍, തബൂക്ക് എന്നിവിടങ്ങളില്‍ എഫ്-15 എസ് ഐ, എഫ്-15 സി, ടൊര്‍ണാഡോ, ടൈഫൂണ്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് എയര്‍ ഷോകള്‍ നടത്തുക. സഊദി ഫാല്‍ക്കണ്‍സ് ടീമും വിവിധ എയര്‍ഷോകളില്‍ പങ്കെടുക്കും. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ഒക്ടോബര്‍ രണ്ടിന് അല്‍-ജൗഫിലെ സകാക്ക പബ്ലിക് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയോടെ എയര്‍ഷോ അവസാനിക്കും. റോയല്‍ സഊദി നാവിക സേനയുടെ നേതൃത്വത്തില്‍ റിയാദ്, ജിദ്ദ, ജുബൈല്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ റിയാദിലെ ഉം അജ്ലാന്‍ പാര്‍ക്കിലാണ് രാജ്യത്തെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം നടക്കുകയെന്ന് ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി അറിയിച്ചു.