oscar award
ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി 96ാമത് ഓസ്‌കര്‍ വേദി
ഏഴ് അവാര്‍ഡുകള്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ നേടി
ലോസഞ്ജല്‍സ് | ഇസ്‌റാഈലിന്റെ വേട്ടക്കിരയായ ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി 96ാമത് ഓസ്‌കര്‍ വേദിയില്‍ താരങ്ങള്‍. അമേരിക്കന്‍ ഗായിക ബില്ലി ഐലിഷ്, അഭിനേതാക്കളായ റാമി യൂസഫ്, മാര്‍ക്ക് റുഫല്ലോ, സംവിധായിക അവ ദുവെര്‍നെ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ചുവന്ന പിന്‍ ധരിച്ചാണ് റെഡ്കാര്‍പറ്റിലെത്തിയത്. ഫ്രഞ്ച് അഭിനേതാക്കളായ മിലോ മച്ചാഡോ ഗ്രാനര്‍, സ്വാന്‍ അര്‍ലോഡ് എന്നിവര്‍ ഫലസ്തീന്‍ പതാക മുദ്രണം ചെയ്ത പിന്‍ ധരിച്ചാണ് ഓസ്‌കര്‍ വേദിയിലെത്തിയത്.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണ് ചുവന്ന പിന്‍ ധരിച്ചതെന്ന് പുവര്‍ തിങ്സ് ചിത്രത്തിലെ അഭിനേതാവ് റാമി യൂസഫ് പ്രതികരിച്ചു. ഞങ്ങള്‍ എല്ലാവരും ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ സാധ്യമാക്കണമെന്ന് ആവശ്യപ്പെടുകയാണ്. എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും റാമി യൂസഫ് പറഞ്ഞു.
ഫലസ്തീന്‍ ജനതയ്ക്ക് ശാശ്വതമായ നീതിയും സമാധാനവും വേണമെന്നും ഫലസ്തീനില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു എസ് പ്രസിഡന്റ് ജോ ബൈഡന് തുറന്ന കത്ത് എഴുതിയ സിനിമാ പ്രവര്‍ത്തകരുടെ ശ്രമത്തിന്റെ ഭാഗമാണ് ഫലസ്തീന്‍ അനുകൂല പിന്നുകള്‍.
96ാം ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍, ഏഴ് അവാര്‍ഡുകള്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ നേടി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി.
ആറ്റം ബോംബിന്റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്‌കാറും നോളന്‍ നേടി. കില്ല്യന്‍ മര്‍ഫി മികച്ച നടനും എമ്മ സ്റ്റോണ്‍ മികച്ച നടിയുമായി. റോബര്‍ട്ട് ഡൗണി ജൂനിയറാണ് മികച്ച സഹനടന്‍.
എമ്മ സ്റ്റോണിന്റെ മികച്ച നടി പുരസ്‌കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം മാത്രമാണ് ലഭിച്ചത്. ജിമ്മി കമ്മല്‍ ആയിരുന്നു ഡോള്‍ബി തീയറ്ററില്‍ നടന്ന ചടങ്ങിന്റെ അവതാരകന്‍.