National
പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത കേക്ക് കഴിച്ച് പത്തുവയസുകാരി മരിച്ചു
ജാൻവിയുടെ സഹോദരങ്ങള്‍ക്കാണ് കേക്ക് കഴിച്ച ശേഷം ആദ്യം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
പട്യാല | പഞ്ചാബിലെ പട്യാലയില്‍ പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത കേക്ക് കഴിച്ച് പെണ്‍കുട്ടി മരിച്ചു. പത്തുവയസുകാരി ജാന്‍വി ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പട്യാലയില്‍ നിന്നും കുടുംബം കേക്ക് ഓര്‍ഡര്‍ ചെയ്യുകയും രാത്രി 7 മണിയോടെ ഇവര്‍ കേക്ക് കഴിക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി പത്ത് മണിയോടെ കേക്ക് കഴിച്ച എല്ലാവര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
കേക്ക് കഴിച്ച ശേഷം ആദ്യം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത് ജാന്‍വിയുടെ സഹോദരങ്ങള്‍ക്കാണ്. ജാന്‍വി ക്ഷീണത്തെ തുടര്‍ന്ന് ഛര്‍ദിക്കുകയും ഇടക്കിടെ വെള്ളം വേണമെന്ന് പറയുകയും ചെയ്തു. പിന്നീട് കുട്ടി ഉറങ്ങുകയും ചെയ്തു.എന്നാല്‍ പിറ്റേദിവസം ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് ജാന്‍വിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
കുട്ടിക്ക് മരണം സംഭവിക്കാന്‍ കാരണം പിറന്നാളാഘോഷത്തിന് എത്തിച്ച ചോക്ലേറ്റ് കേക്കില്‍ വിഷാംശം അടങ്ങിയതിനാലാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുക്കുകയാണ്.