Kerala
കോഴിക്കോട് ചികിത്സയിലുള്ള 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.
കോഴിക്കോട്|കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി അഞ്ച് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ഫാറൂഖ് കോളജിനടുത്ത ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് കുട്ടി.
സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്ഥിരീകരണത്തിന് വേണ്ടിപുതുച്ചേരി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കുളിച്ച അച്ചനമ്പലം കുളത്തിലെ വെള്ളത്തിന്റെ സാമ്പിളും പരിശോധനക്ക് അയച്ചിട്ടുണ്ട്.
ജൂണ്‍16നാണ് കുട്ടി അച്ചനമ്പലം കുളത്തില്‍ കുളിച്ചത്. അന്ന് സ്‌കൂളിലെ ഫുട്ബാള്‍ ക്യാമ്പില്‍ കളിക്കാന്‍ പോയ കുട്ടിക്ക് പന്ത് തലയ്ക്കുതട്ടി നേരിയ പരുക്കേറ്റിരുന്നു. തലവേദനയും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ച ഫറോക്ക് താലൂക്കാശുപത്രിയില്‍ ഡോക്ടറെ കാണിച്ചു. തലക്കേറ്റ പരുക്കിന്റെ ആഘാതത്തിലാണ് രോഗമെന്ന ധാരണയില്‍ മരുന്ന് നല്‍കുകയും ചെയ്തു.
രോഗം ഭേദമാവാത്തതിനെത്തുടര്‍ന്ന് വ്യാഴാഴ്ചയും ആശുപത്രിയിലെത്തിയപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇതനുസരിച്ച് വെള്ളിയാഴ്ച മെഡിക്കല്‍ കോളജിലെത്തിച്ചു പരിശോധിച്ചു. പിന്നാലെ കോഴിക്കോട്ടെ ആശുപത്രിയിലെക്കെത്തിച്ച് കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അമീബിക് മസ്തിഷജ്വരത്തിന് സമാനമായ ലക്ഷണങ്ങളാണെന്ന സംശയത്തില്‍ ആശുപത്രി അധികൃതര്‍ വിവരം രാമനാട്ടുകര നഗരസഭയെ അറിയിച്ചു. തുടര്‍ന്ന് കുളത്തില്‍ ക്ലോറിനേഷന്‍ നടത്തി. കുളത്തില്‍ കുളിക്കുന്നതിന് താത്കാലിക വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അച്ചനമ്പലം കുളത്തില്‍ കുളിച്ച മറ്റുള്ളവരെയും നിരീക്ഷണ വിധേയമാക്കുന്നുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അപൂര്‍വമായി മാത്രം കണ്ടെത്തുന്ന അമീബയായതിനാല്‍ ജില്ലയില്‍ പൂര്‍ണ ജാഗ്രത നിര്‍ദേശം നല്‍കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കണ്ണൂര്‍ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിയും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഈ മാസം 12 നാണ് കണ്ണൂര്‍ തൊട്ടാട സ്വദേശിയായ ദക്ഷിണ മരിച്ചത്.
രോഗം റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.
രോഗ ലക്ഷണങ്ങള്‍
രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. പനി, ഓക്കാനം, തീവ്രമായ തലവേദന, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നീ ലക്ഷണങ്ങളും ഉണ്ടാകും. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധനയ്ക്ക് അയച്ചാണ് രോഗനിര്‍ണയം നടത്തുന്നത്.