Connect with us

Sexual Abuse

സ്‌കൂള്‍ ഹോസ്റ്റലില്‍ 12കാരനെ സീനിയർ വിദ്യാർഥികൾ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി

പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

Published

|

Last Updated

തിരുവല്ല | എം ജി എം ഹൈസ്‌കൂള്‍ ഹോസ്റ്റലില്‍ 12കാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. പതിനഞ്ച് വയസ്സുള്ളവരാണ് സീനിയര്‍ വിദ്യാര്‍ഥികൾ.

പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും തിണിര്‍ത്ത പാടുകള്‍ മാതാവ് കണ്ടു. കുട്ടിയോട് വിവരം ചോദിച്ചെങ്കിലും ഒന്നും വെളുപ്പെടുത്തിയില്ല. മടങ്ങി പോകേണ്ട സമയമായപ്പോള്‍ താന്‍ ഇനി ഹോസ്റ്റലിലേക്ക് പോകില്ലെന്നും വിട്ടാല്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിക്കുമെന്നും കുട്ടി മാതാവിനോട് പറഞ്ഞു. തുടര്‍ന്ന് ഓണാവധിക്ക് ശേഷം ഹോസ്റ്റലില്‍ നിന്നും കുട്ടിയെ മാതാവിന്റെ തിരുവല്ലയിലുളള സഹോദരിയുടെ വീട്ടിലേക്ക് മാറ്റി.

മാതൃ സഹോദരിയോടാണ് കഴിഞ്ഞ മൂന്ന് മാസമായി തനിക്ക് നേരെ നടന്ന പീഡന വിവരം കുട്ടി പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് തിരുവല്ല ഡി വൈ എസ് പിക്ക് പരാതി നല്‍കി. പരാതി സംബന്ധിച്ച റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുമെന്ന് ഡി വൈ എസ് പി. ടി രാജപ്പന്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയ ശേഷമാണ് സംഭവം സംബന്ധിച്ച് അറിയുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പോലിസ് മേധാവിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കുമെന്ന് പീഡനത്തിനിരയായ കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.