National
പതിമൂന്നുകാരിയെ ഓടുന്ന ബസില്‍വെച്ച് പീഡിപ്പിച്ചു; 21കാരനായ ബന്ധുവിനെതിരെ പോക്‌സോ കേസ്
പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ ഇടക്കിടെ വരാറുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.
ജയ്പൂര്‍| ജയ്പൂരില്‍ പതിമൂന്നുകാരിയെ ഓടുന്ന ബസില്‍ വെച്ച് ബന്ധുവായ യുവാവ് പീഡിപ്പിച്ചതായി പരാതി. ജയ്പൂരിലെ കര്‍ണി വിഹാര്‍ ഏരിയയിലാണ് പെണ്‍കുട്ടി താമസം. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് 21കാരനായ പ്രതി. പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ ഇടക്കിടെ വരാറുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. ജനുവരി 25 നാണ് സംഭവം നടന്നത്.
പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് ഓട്ടോയില്‍ കയറ്റി ബസ് സ്റ്റാന്റിലെത്തിച്ചു. അവിടെ നിന്ന് പെണ്‍കുട്ടിയോട് പ്രതിയ്‌ക്കൊപ്പം ഇവരുടെ മധ്യപ്രദേശിലെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തന്നോടൊപ്പം വന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബസ്സില്‍ കയറ്റി. തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
യുവാവ് പിന്നീട് പെണ്‍കുട്ടിയെ മധ്യപ്രദേശിലെ ഗ്രാമത്തിലെ വീട്ടില്‍ പൂട്ടിയിട്ടു. പിറ്റേന്ന് മറ്റ് ബന്ധുക്കളുടെ സഹായത്തോടെ കുട്ടി അവിടെ നിന്ന് ജയ്പൂരിലെ വീട്ടിലെത്തുകയായിരുന്നു. പിന്നീട് അമ്മയോട് പീഡനവിവരം തുറന്നു പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ കര്‍ണി വിഹാര്‍ പോലീസ് സ്റ്റേഷനിലെത്തി യുവാവിനെതിരെ പരാതി നല്‍കി. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷം പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.