National
രാജസ്ഥാനിലെ കോട്ടയില്‍ 19കാരന്‍ ജീവനൊടുക്കി
മൃതദേഹത്തിനടുത്തു നിന്നും കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
ജയ്പൂര്‍| രാജസ്ഥാനിലെ കോട്ടയില്‍ 19കാരന്‍ ജീവനൊടുക്കി. കോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. യു.പി സ്വദേശിയായ വിദ്യാര്‍ത്ഥി ചൊവ്വാഴ്ച രാത്രിയാണ് ജീവനൊടുക്കിയത്. രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥി കോട്ടയില്‍ പരിശീലനം നേടിവരികയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ത്ഥിയുടെ മുറി അകത്തുനിന്നും അടച്ചനിലയിലായിരുന്നു. സുഹൃത്തുക്കള്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാതായതോടെ പോലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനടുത്തു നിന്നും കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മറ്റ് നടപടികള്‍ ആരംഭിക്കുമെന്നും പോലീസ് പറഞ്ഞു.
കോട്ടയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ കുറക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കുട്ടികളുടെ ദിനചര്യയില്‍ രസകരമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി പഠന സമയം കുറയ്ക്കാനും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും കോച്ചിംഗ് കേന്ദ്രങ്ങള്‍ക്ക് ഉന്നതതല കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു.