National
ഓടികൊണ്ടിരുന്ന സ്വകാര്യ ബസില്‍വെച്ച് 20കാരിയെ പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
ഡ്രൈവറുടെ കാബിനില്‍ വെച്ചാണ് പീഡിപ്പിച്ചത്. യാത്ര പുറപ്പെട്ട ശേഷം ബസ് ജീവനക്കാര്‍, ഈ കാബിന്‍ ഉള്ളില്‍ നിന്ന് പൂട്ടുകയും പാട്ട് ഉറക്കെ വെക്കുകയും ചെയ്തു.
കാണ്‍പൂര്‍| ഓടികൊണ്ടിരുന്ന സ്വകാര്യ ബസില്‍ 20കാരി പീഡനത്തിനിരയായി. ഡ്രൈവറുടെ കാബിനില്‍ വെച്ചാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദളിത് യുവതിയാണ് പീഡനത്തിനിരയായത്.
രാജസ്ഥാനിലെത്തും മുന്‍പ് ബസ് ജീവനക്കാരായ ആരിഫ് ഖാന്‍(22), ലളിത് കുമാര്‍(24) എന്നിവരാണ് യുവതിയെ പീഡിപ്പിച്ചത്. ആരിഫിനെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ പോലീസ് അറിയിച്ചു. ഒളിവില്‍ പോയ ലളിത് എന്ന യുവാവിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
ജോലി ആവശ്യാര്‍ത്ഥം ജയ്പൂരിലേക്ക് പോവുകയായിരുന്നു യുവതി. തിരക്കേറിയ ബസായതിനാലാണ് പെണ്‍കുട്ടി ഡ്രൈവറുടെ കാബിനില്‍ കയറി ഇരുന്നത്. യാത്ര പുറപ്പെട്ട ശേഷം ബസ് ജീവനക്കാര്‍, ഈ കാബിന്‍ ഉള്ളില്‍ നിന്ന് പൂട്ടുകയും പാട്ട് ഉറക്കെ വെക്കുകയും ചെയ്തു. ഇതിനാല്‍ പീഡനവിവരം മറ്റ് യാത്രക്കാര്‍ അറിഞ്ഞില്ല.
തുടര്‍ന്ന് യുവതി എമര്‍ജന്‍സി അലാറം മുഴക്കി മറ്റ് യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. ബസ് നിര്‍ത്തിയപ്പോഴാണ് ലളിത് ഓടി രക്ഷപ്പെട്ടത്. ആരിഫിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.