National
തെലങ്കാനയില്‍ റെയില്‍വേ പോലീസ് യൂണിഫോമില്‍ ആളുകളെ കബളിപ്പിച്ച 25കാരി അറസ്റ്റില്‍
കഴിഞ്ഞ ഒരു വര്‍ഷമായി റെയില്‍ വേ പോലീസിലെ എസ് ഐ വേഷത്തിലായിരുന്നു ജഡല മാളവിക എല്ലായിടത്തും എത്തിയിരുന്നത്.
ഹൈദരബാദ്| തെലങ്കാനയിലെ നാല്‍ഗോണ്ടയില്‍ റെയില്‍വേ പോലീസ് യൂണിഫോമില്‍ ആളുകളെ കബളിപ്പിച്ച 25കാരി അറസ്റ്റില്‍. ജഡല മാളവിക എന്ന യുവതിയാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷമായി റെയില്‍ വേ പോലീസിലെ എസ് ഐ വേഷത്തിലായിരുന്നു ജഡല മാളവിക എല്ലായിടത്തും എത്തിയിരുന്നത്. വനിതാ ദിനത്തില്‍ ഒരു പരിപാടിയ്ക്ക് യൂണിഫോമിലെത്തിയതോടെയാണ് കള്ളം പുറം ലോകം അറിഞ്ഞത്. നര്‍കെട്ട്പള്ളിയില്‍ നിന്നാണ് മാളവികയെ പോലീസ് അറസ്റ്റ് ചെയ്തത്.
2018ല്‍ റെയില്‍വേ പോലീസ് പരീക്ഷ മാളവിക പാസായിരുന്നുവെന്നും എന്നാല്‍ മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കാഴ്ചാ പരിമിതി കാരണമാണ് യുവതി മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടത്. എന്നാല്‍ ഇക്കാര്യം യുവതി വീട്ടുകാരോടുപോലും മറച്ചുവച്ചു. തുടര്‍ന്ന് റെയില്‍വേ പോലീസിന്റെ യൂണിഫോം ധരിച്ച് എല്ലായിടത്തും പോകാന്‍ തുടങ്ങി. ആളുകളെ വിശ്വസിപ്പിക്കാന്‍ റെയില്‍വേയുടെ തിരിച്ചറിയല്‍ രേഖകളും യുവതിയുണ്ടാക്കി. സെക്കന്ദരബാദില്‍ നിയമനം ലഭിച്ചതായാണ് യുവതി കുടുംബത്തെ അറിയിച്ചിരുന്നത്.
ദിവസവും റെയില്‍ വേ പോലീസ് വേഷത്തില്‍ യുവതി നല്‍ഗോണ്ടയില്‍ നിന്ന് സെക്കന്ദരബാദിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുമായിരുന്നു. വീട്ടുകാര്‍ നടത്തിയ വിവാഹാലോചനകളിലും മാളവിക ജോലി ചെയ്യുന്നത് റെയില്‍വേ പോലീസിലാണെന്ന് പറഞ്ഞിരുന്നു. നല്‍ഗോണ്ടയിലെ വനിതാ ദിനാഘോഷങ്ങളില്‍ പ്രധാന അതിഥികളിലൊരാളായിരുന്നു മാളവിക. പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും യുവതി യൂണിഫോമില്‍ എത്തുന്നതും ദിവസവുമുള്ള ട്രെയിന്‍ യാത്രകയും ആളുകളില്‍ സംശയമുണ്ടാക്കിയിരുന്നു. ഇതുസംബന്ധിച്ച് ചിലര്‍ റെയില്‍വേ പോലീസില്‍ പരാതിപ്പെട്ടതിനെതുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ജോലി ലഭിക്കാതിരുന്നത് അറിഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് വിഷമമാകുമെന്ന് കരുതിയാണ് മാളവിക ഈ സാഹസങ്ങളെല്ലാം ചെയ്തുകൂട്ടിയതെന്നാണ് പോലീസ് പറയുന്നത്.