Connect with us

Prathivaram

എ 'റിയല്‍' തേപ്പുകഥ

യഥാർഥത്തില്‍ അന്ന് സംഭവിച്ചത് എനിക്ക് മാത്രമറിയാവുന്ന സത്യമായിരുന്നു.

Published

|

Last Updated

നഷ്ടങ്ങളുടെ വില അറിയണമെങ്കില്‍ നഷ്ടപ്പെടുക തന്നെ വേണം. എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ… ഒറ്റപ്പെടുമ്പോള്‍ പലതും നഷ്ടമാകുമ്പോള്‍ അതിങ്ങനെ തികട്ടി വരും. അപ്പോള്‍ അറിയാതെ ആ മിഴികള്‍ ചാലിട്ടൊഴുകും. അത്രമേല്‍ പ്രിയപ്പെട്ടവനാണല്ലോ അവളുടെ അരികെ ചലനമറ്റ് കിടക്കുന്നത്. ആ ശരീരത്തിലേക്ക് വേദനയോടെ അവള്‍ ഇടക്കിടെ നോക്കുന്നുണ്ട്. തിരികെ വരുമെന്ന പ്രതീക്ഷയോടെ. റഫീഖ് അഹ്‌മദിന്റെ വരികള്‍ അവള്‍ക്ക് ഓര്‍മ വരുന്നുണ്ട്. “മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ….’
ഒരു ലോകം മുഴുവനും അവളുടെ കൈപ്പിടിയിലാക്കി തന്ന് അയാള്‍ വിട പറഞ്ഞിരിക്കുകയാണ്.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുമ്പോഴായിരുന്നു വാതിലിന്റെ അരികെ ഒരു പേപ്പര്‍ അവളുടെ ശ്രദ്ധയില്‍ പെട്ടത്… അതില്‍ എന്തെല്ലാമോ കുറിച്ചു വെച്ചതായും അവള്‍ സംശയിച്ചു. മരിച്ചവന്റെ കുറിപ്പ്, അതും വേണ്ടപ്പെട്ടവന്റേതാകുമ്പോള്‍ ഇടറാതെ വായിച്ചു തീര്‍ക്കാനാകില്ല. വിറയുന്ന വിരലുകളില്‍ ഒതുക്കി നിര്‍ത്തി അവള്‍ ആ കുറിപ്പ് വായിച്ചു തുടങ്ങി.

പ്രാണ സഖീ അറിയാന്‍ ,
നിനക്കോര്‍മയുണ്ടോയെന്നറിയില്ല. അന്നൊരു വ്യാഴാഴ്ച ദിവസമായിരുന്നു നമ്മള്‍ കണ്ട് മുട്ടിയത്. എന്റെ സൗന്ദര്യം കണ്ട് എന്നിലെ റാമും റീമും തൃപ്തിപ്പെട്ട് നീയെന്നെ സ്വന്തമാക്കുകമായിരുന്നു അന്ന് . നല്ല ഭംഗിയുള്ള വസ്ത്രവും എന്നെയണിയിച്ചു.
ആദ്യമൊക്കെയെന്നെ തഴുകി തലോടി ജോലി ചെയ്ത് വിയര്‍ക്കുന്നതിന് മുന്നെ തന്നെ എന്നെ നീ ചാര്‍ജിലിരുത്തി ഊട്ടി. വിഷക്കുന്നുണ്ടെന്ന് ഞാന്‍ പറയും മുമ്പ് തന്നെ നീ എന്റെ വായയിലേക്ക് എന്റെ ഭക്ഷണം തിരുകി കയറ്റി. കഴിഞ്ഞ ദിവസം പട്ടിണി കിടന്ന് ഞാന്‍ അലമുറയിട്ടപ്പോള്‍ ആ നല്ല കാലം ഞാന്‍ ഓര്‍ത്തിരുന്നു.

മൈതാനം പോലെ വിശാലമായ എന്റെയുള്ളില്‍ വേണ്ടാതൊന്നും കുത്തിനിറക്കാന്‍ നീ ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നെ ഒരു ദിവസം സ്പീക്കര്‍ അടിച്ചു പോയെന്നു കരുതി ആശുപത്രിയിലേക്കെത്തിച്ചില്ലായിരുന്നോ …
യഥാർഥത്തില്‍ അന്ന് സംഭവിച്ചത് എനിക്ക് മാത്രമറിയാവുന്ന സത്യമായിരുന്നു.
അതിരുകളില്ലാത്ത സ്‌നേഹവല്ലരികളിലെന്നെ നിങ്ങള്‍ ചുഴറ്റിയെടുത്തപ്പോ അറിയാതെയെന്റെ കണ്ണുകള്‍ നിറഞ്ഞ് കണ്ണുനീര്‍ തുള്ളികള്‍ സ്പീക്കറില്‍ തങ്ങിയതായിരുന്നു… അത്രയ്ക്ക് നീയെന്നെ സ്‌നേഹിച്ചിരുന്നു.

പക്ഷേ ..
നിന്റെ സ്‌നേഹമെല്ലാം വെറും നാട്യമായിരുന്നു… എന്നു ഞാനിന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഒന്നിനും ആയുസ്സ് അധികമുണ്ടായിരുന്നില്ല . കാലക്രമേണ നീയെന്നെ മാനസികമായും ശാരീരികമായും ഒട്ടും പരിഗണന നല്‍കാതെ ചൂഷണം ചെയ്ത് തുടങ്ങുകയായിരുന്നു. എന്റെയുള്ളം വിശാലമായും അതിലേറെ വൃത്തിയിലും കാണാനാഗ്രഹിച്ച നിങ്ങളെന്നെ വികൃതമാക്കി തുടങ്ങി. കണ്ടവന്റെ മോന്തയൊക്കെ എന്റെ ക്യാമറയില്‍ പകര്‍ത്തി ക്യാമറ പെറ്റ് പെരുകി ഗ്യാലറി വീട്ടില്‍ നില്‍ക്കാന്‍ സ്ഥലമില്ലാതെയായി. ആ അവസരത്തില്‍, ഫോട്ടോ ഭ്രാന്ത് തലക്ക് പിടിച്ച നിങ്ങള്‍ പണ്ടെന്നോ ചത്ത് പോയവന്റെ ചളി പറ്റിയ മെമ്മറി കാര്‍ഡ് എന്റെയുള്ളിലേക്ക് കുത്തി വെച്ചു. ഞാനെത്ര നോവിച്ചെന്നറിയോ … അന്നൊന്നും എന്നെയാരും കേള്‍ക്കാനുണ്ടായിരുന്നില്ല..
തുടരെ തുടരെയായുള്ള ചോദ്യം ചെയ്യലില്‍ പ്രയാസമുണ്ടായതില്‍ എന്റെ പ്രിയ ഗൂഗിള്‍ ചേച്ചി എന്നോട് പിണങ്ങിയിട്ട് നാളുകളേറെയായി. യുക്തിയില്ലാത്ത നൂറായിരം വീഡിയോ ക്ലിപ്പുകള്‍ ലോഡിറക്കുമ്പോ എന്റെ അവസ്ഥയെന്തെന്ന് ഒരു നിമിഷമോര്‍ക്കാമായിരുന്നു.
നിലാവുള്ള രാത്രി പാതിരാ നേരങ്ങളിലും, എന്റെ ദേഹത്ത് കുത്തിയിരുന്ന് നീ പ്രണയിക്കുമ്പോ ഒരു പോള കണ്ണടയ്ക്കാതെ ഉറക്കൊഴിച്ചു നിന്ന എനിക്ക് കുറച്ച് സമാധാനം നല്‍കാമായിരുന്നു . ഇനി ചില ദിവസങ്ങളില്‍ എന്നോട് ദയ തോന്നി അൽപ്പം നേരത്തെ ഉറങ്ങാന്‍ അവസരം തന്നാലും, തുടരെ തുടരെയുള്ള അലാറം വെച്ച് അതിരാവിലെ തന്നെ ജോലിഭാരം എന്നില്‍ ഇറക്കുകയായിരുന്നു. നിങ്ങളുടെ കഴുത ഗാനം കേട്ട് മടുത്ത് റെക്കോര്‍ഡിംഗ് മാന്‍ ഇപ്പോള്‍ വിഷാദ രോഗത്തിനടിമയാണ്. കാണുന്ന തുലഞ്ഞ സ്റ്റാറ്റസുകളൊക്കെ സെന്‍ഡ് മി സെന്‍ഡ് മി പറഞ്ഞും, തള്ളി മറിക്കുന്ന നിര്‍ത്താതെയുള്ള ചാറ്റിങ്ങും കാരണം വാട് സാപ്പ് സാര്‍ വല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഓരോരുത്തന്‍ ആടുന്നതും തുള്ളുന്നതും റീലെന്ന് നാമകരണം ചെയ്ത പുതിയ കലാ പ്രതിഭാസം കാണുന്നതിന് ഇന്‍സ്റ്റഗ്രാമിന്റെ കണ്ണുകളെ നിങ്ങള്‍ ചൂഴ്‌ന്നെടുത്തു.

ഉറക്കിലും ഊണിലും നടപ്പിലും കിടത്തത്തിലുമെന്തിനേറെ നിന്റെയെല്ലാ കാര്യം സാധിക്കലിനും എന്നെ കൈവിടാതെ കൊണ്ട് നടന്നു.. എന്തിന് സ്‌നേഹം കൊണ്ടല്ല… എന്നെ തോണ്ടി തോണ്ടി ബുദ്ധിമുട്ടാക്കാന്‍. അങ്ങനെയങ്ങനെ നിങ്ങളറിയാതെ എത്രയെത്ര വേദനകളാണ് ഞാന്‍ പേറുന്നത്. ഒരു നിമിഷം പോലും എന്നോട് സഹതാപം തോന്നിയിരുന്നെങ്കില്‍… ഈയടുത്ത കാലത്തായി എനിക്കിടക്ക് സംഭവിച്ച അറ്റാക്കില്‍ എന്റെ റിസ്റ്റാര്‍ട്ടിനു വിധേയമാക്കി ബ്ലോക്കുകള്‍ നീക്കി ഞാന്‍ തിരിച്ചു വരാറുണ്ടായിരുന്നു. അവസാനമായൊരു കാര്യം എനിക്ക് ഇനി നിന്റെ കൂടെ നില്‍ക്കാനൊട്ടും താത്പര്യമില്ല എന്റെയേറ്റം പ്രിയപ്പെട്ട രോഗം പിടിപെട്ടതും പിടിപെടാത്തതുമായ പ്രയാസപ്പെടുന്ന എല്ലാ ആപ്പുകളോടും മാപ്പ് ചോദിച്ചുകൊണ്ട് ഞാന്‍ തിരിച്ചുവരാത്ത ഒരു യാത്ര പോവുകയാണ്…

പ്രിയേ , ഞാനിനിയില്ല
എന്നെയിനി തിരയണ്ട … വല്ലവന്റെ അടുത്തും കൊണ്ട് പോയി വീണ്ടും എന്നെ കീറിമുറിക്കാന്‍ നില്‍ക്കേണ്ട … ഞാനിനിയില്ല ശാന്തമായൊന്നുറങ്ങട്ടെ
സ്‌നേഹിച്ചതിനും ഉപദ്രവിച്ചതിനും നന്ദി…
പ്രിയമോടെ ,
നിന്റെ പ്രാണനായിരുന്ന റിയല്‍മി ടെന്‍ പ്രോ.

ഇത്രയും വായിച്ചതോടെ അവളുടെ കണ്ണുകള്‍ നിറഞ്ഞ് കണ്ണുനീര്‍ തുള്ളികള്‍ ആ ആത്മാഹത്യ കുറിപ്പിലൂടെ ഒഴുക്കി.. അപ്പോഴാണ് ബാഗില്‍ നിന്ന് അവളുടെ പുതിയ കാമുകന്‍ മന്ത്രിച്ചത്. പതിഞ്ഞ സ്വരത്തില്‍ പക്വതയോടെ തറവാടിയായ യുവ കോമളന്‍ ഐ ഫോണ്‍ 14 പ്രോ മാക്‌സ്. ആ ശബ്ദം അങ്ങ് കേട്ടപാടെ അവള്‍ അവന്റെ കവിള്‍ പതിയെ തലോടി. അവളുടെ കണ്ണീര്‍ തുള്ളി വീണ ആ അത്മഹത്യാ കുറിപ്പും മരിച്ചുകിടക്കുന്ന പഴയ കാമുകനെയും കാണിക്കാതെ അവള്‍ അവനെ ആനയിച്ചു.

ബി എസ്്സി കെമിസ്ട്രി, ദാറുൽഹുദാ ആർട്സ് ആൻഡ് സയൻസ് കോളജ് നാദാപുരം